ന്യൂദൽഹി- രാഷ്ട്രീയ രംഗത്തെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുന്നതിനായി എം.എൽ.എമാർക്കും എം.പിമാർക്കുമെതിരായ കേസുകളിൽ തീർപ്പു കൽപ്പിക്കുന്നതിന് അതിവേഗ കോടതികൾ സ്ഥാപിക്കണമെന്നു സുപ്രീം കോടതി. രാഷ്ട്രീയരംഗത്തെ ക്രിമിനൽവത്കരണത്തിന് അതിവേഗം അതിവേഗം അറുതി വരുത്തണം. എം.പിമാരുടെയും എം.എൽ.എമാരുടെയും പേരിൽ 2014 വരെയുള്ള കണക്കുകൾ അനുസരിച്ചുണ്ടായിരുന്ന 1581 കേസുകളിൽ എത്ര എണ്ണത്തിൽ തീർപ്പു കൽപിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ആരാഞ്ഞു. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ആറാഴ്ചക്കകം ഹാജരാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വിഷയത്തിൽ സുപ്രീംകോടതി ഡിസംബർ 31 നു വാദം കേൾക്കും. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ ആജീവനാന്ത കാലത്തേക്കു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിൽനിന്നും നിയമ വ്യവസ്ഥയിലോ ജുഡീഷ്യറിയിലോ ഉദ്യോഗത്തിലോ പ്രവേശിക്കുന്നതിൽനിന്നും വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി അതിവേഗ കോടതി എന്ന നിർദേശം മുന്നോട്ടുവെച്ചത്. രാഷ്ട്രീയക്കാർക്കെതിരായ ക്രിമിനൽ കേസുകളിൽ 2014 മുതൽ ഇതുവരെയുള്ള വിവരങ്ങൾ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ രഞ്ജൻ ഗോഗോയി, നവീൻ സിൻഹ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.
ഹരജിയിൽ വാദം നടക്കുന്നതിനിടെ ക്രിമിനൽ നടപടികളിൽ ഉൾപ്പെട്ടവരെ രാഷ്ട്രീയത്തിൽനിന്ന് ആജീവനാന്ത വിലക്ക് കൽപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാർശ സജീവ പരിഗണനയിലാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ തീർപ്പു കൽപിക്കുന്നതിന് അതിവേഗ കോടതികൾ രൂപീകരിക്കുന്നതിൽ സർക്കാരിന് എതിരഭിപ്രായം ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് നൽകിയ ഹരജിയെ പിന്തുണക്കുന്നുവെന്നും ഇതിനുള്ള ശുപാർശ മുൻപേ തന്നെ കേന്ദ്ര സർക്കാരിനു നൽകിക്കഴിഞ്ഞതാണെന്നും തെരഞ്ഞെടുപ്പു കമ്മീഷനും വ്യക്തമാക്കി.
ക്രിമിനൽ കേസിൽപെട്ടവർക്ക് ആജീവനാന്ത വിലക്ക് കൽപ്പിക്കണമെന്ന ഹരജിയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പ്രായപരിധിയും നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും മാനദണ്ഡമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.