രാജ്കോട്ട്- ഗുജറാത്തിലെ രാജ്കോട്ട് ജില്ലയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന പ്രത്യേക ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു രോഗികള്‍ മരിച്ചു. ശിവാനന്ദ് കോവിഡ് ആശുപത്രിയിലെ ഐസിയുവിലാണ് ആദ്യം തീപ്പിടിത്തം ഉണ്ടായത്. അപകടസമയത്ത് ഐസിയുവില്‍ 11 കോവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ അഞ്ചുപേര്‍ മരിച്ചു. ദുരന്തത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു.
വെള്ളിയാഴ്ച വരെ ആശുപത്രിയില്‍ 33 രോഗികളാണ് അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നത്. അപകടം വിവരം ലഭിച്ചയുടന്‍ ആശുപത്രിയിലെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയതായി അഗ്നിശമന സേന അറിയിച്ചു. 30 രോഗികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. മൂന്നു പേര് ഇതിനകം ഐസിയുവില്‍ മരിച്ചിരുന്നതായും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മറ്റു രണ്ടു പേര് പിന്നീടാണു മരിച്ചത്. എല്ലാ രോഗികളേയും മറ്റൊരു കോവിഡ് ആശുപത്രിയിലേക്കു മാറ്റി. തീ പൂര്‍ണമായും അണച്ചെങ്കിലും അപകട കാരണം വ്യക്തമായിട്ടില്ല.