Sorry, you need to enable JavaScript to visit this website.

ഞെട്ടരുത്, ഐഫോണ്‍ 12 പ്രോയുടെ യഥാര്‍ത്ഥ വില വെറും 30,000 രൂപയോളം മാത്രം; കണക്കുകള്‍ പുറത്ത്

സാങ്കേതികത്തികവിന്റെ കാര്യത്തില്‍ ഐഫോണുകളെ വെല്ലാന്‍ മറ്റൊരു സ്മാര്‍ട്‌ഫോണുമില്ലെന്നാണ് പറയാറുള്ളത്. ഇപ്പോല്‍ ലഭ്യമായതില്‍ ടോപ് എന്‍ഡ് ഐഫോണ്‍ കഴിഞ്ഞ മാസം ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 12 പ്രൊ ആണ്. ഇന്ത്യയില്‍ ഈ മോഡലിന് 1.19 ലക്ഷത്തോളം രൂപയാണ് വില. യുഎസില്‍ 999 ഡോളറും. പതിവുപോലെ വലിയ കൊട്ടിഘോഷങ്ങളോടെയാണ് ഇത്തവണയും പുതിയ ഐഫോണ്‍ 12 പതിപ്പുകളെത്തിയത്. എന്നാല്‍ ആപ്പിളിനെ വെള്ളംകുടിപ്പിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് കമ്പനിയായ ഫോമല്‍ഹോട്ട് ടെക്‌നോ സൊലൂഷന്‍സ്. ഐഫോണ്‍ തുറന്ന് ഓരോ ഭാഗങ്ങളും വേര്‍ത്തിരിച്ച് ഓരോന്നിനും വിപണിയില്‍ എത്ര വിലയുണ്ടെന്ന് ഇഴകീറി പരിശോധിക്കലാണ് ഈ കമ്പനി ചെയ്യുന്നത്. ഐഫോണ്‍ 12 പ്രൊയും ഇവര്‍ പൊളിച്ചു പരിശോധിച്ചു. എല്ലാം കംപൊണന്റുകളുടേയും വിലയെടുത്തു. അപ്പോഴാണ് ശരിക്കും ഞെട്ടിയത്. ആകെ 30,000 രൂപയോളമെ വില വരുന്നുള്ളൂ. ഇവയെല്ലാം അസംബ്ള്‍ ചെയ്ത് ആപ്പില്‍ വില്‍ക്കുന്നതോ 1.19 ലക്ഷം രൂപയ്ക്കും. ഡോളര്‍ നിരക്കില്‍ പറഞ്ഞാല്‍ 406 ഡോളര്‍ ആകെ വില വരുന്ന പാര്‍ട്‌സുകള്‍ അസംബ്ള്‍ ചെയ്ത് ആപ്പ്ള്‍ ഐഫോണ്‍ വില്‍ക്കുന്നത് 999 ഡോളറിന്. 12 സീരിലെ മറ്റു ഫോണുകള്‍ക്ക് 373 ഡോളര്‍, അഥവാ 27,500 രൂപയെ വിലവരുന്നുള്ളൂ. 

ഇത് വെറും കണക്കല്ല, ഓരോ കംപൊണന്റിന്റേയും വിലയും അത് ആര് നിര്‍മിച്ചതാണെന്നും കൂടി ജാപ്പനീസ് കമ്പനി വ്യക്തമാക്കുന്നുണ്ട്. രസകരമായ വസ്തുത എന്താണെന്നു വച്ചാല്‍, ഐഫോണ്‍ 12 സീരിലെ ഫോണുകളില്‍ ഏറ്റവും വിലയേറിയ ഭാഗങ്ങൾ സാംസങും ക്വാല്‍കോമും ആണ് നിര്‍മിച്ചിരിക്കുന്നത് എന്നതാണ്. സാംസങിന്റെ ഒലെഡ് ഡിസ്‌പ്ലെകളാണ് ആപ്പ്ള്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഒലെഡ് ഡിസ്‌പ്ലെ പാനലിന്റെ വില 70 ഡോളര്‍ വരും. ക്വാല്‍കോമിന്റെ എക്‌സ്50 5ജി മോഡം ആണ് പുതിയ ഐഫോണുകള്‍ക്ക് 5ജി കണക്ടിവിറ്റി നല്‍കുന്നത്. ഒരു യൂണിറ്റിന്റെ വില ഏകദേശം 90 ഡോളര്‍. ആപ്പ്ള്‍ ഉപയോഗിച്ചിരിക്കുന്ന ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങളെല്ലാം മികച്ചതാണ്. അതാണിത്ര വില. 

ആപ്പ്‌ളിന്റെ ഏറ്റവും പുതിയ പ്രൊസസര്‍ എ14 ബയോണിക് ചിപ്‌സെറ്റിന്റെ വില 40 ഡോളര്‍. റാം യൂണിറ്റിന് 12.8 ഡോളര്‍. ഫ്‌ളാഷ് മെമറി ഒരു യൂണിറ്റിന് 19.2 ഡോളര്‍, സോണിയുടെ കാമറകള്‍ 7.4-7.9 ഡോളര്‍ എന്നിവയാണ് ഐഫോണ്‍ 12 സീരിസില്‍ ഉപയോഗിച്ചിരിക്കുന്ന വിലയേറിയ ഹാര്‍ഡ്‌വെയര്‍ കംപോണന്റുകള്‍. മറ്റു ഭാഗങ്ങള്‍ ഇവയേക്കാള്‍ വില കുറഞ്ഞതാണ്. 

പുതിയ ഐഫോണിലെ അധിക പാര്‍ട്‌സുകള്‍ക്ക് കൂടുതല്‍ ഇടം നല്‍കാന്‍ ബാറ്ററി ശേഷി 10 ശതമാനം വെട്ടിക്കുറച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. ജാപ്പനീസ് കമ്പനിയായ ടിഡികെയുടെ ഹോങ്കോങിലെ ഉപകമ്പനിയായ ആംപെറെക്‌സ് ടെക്‌നോളജിയുടേതാണ് ബാറ്ററി.

ഐഫോണ്‍ നിര്‍മ്മിക്കാനുള്ള പാര്‍ട്‌സുകള്‍ ഏറ്റവും കൂടുതല്‍ ശേഖരിച്ചിരിക്കുന്ന് ദക്ഷിണ കൊറിയയില്‍ നിന്നാണ്. 26.8 ശതമാനം യന്ത്രഭാഗങ്ങളും കൊറിയന്‍ നിര്‍മിതമാണ്. 21.9 ശതമാനം യുഎസ്. 13.6 ശതമാനം ജപാനില്‍ നിന്നും. ചൈനയില്‍ നിന്ന് വെറും 4.6 ശതമാനം പാര്‍ട്‌സുകള്‍ മാത്രമാണ് ശേഖരിച്ചിട്ടുള്ളത്. ഐഫോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന ഏറ്റവും വലിയ വിപണിയാണ് ചൈന.

Latest News