Sorry, you need to enable JavaScript to visit this website.

മകന് കഴിവുണ്ടെങ്കില്‍ പാടട്ടെ-സോനു നിഗം

മുംബൈ-മകന്‍ ഗായകനാകണമെന്ന് ആഗ്രഹമില്ലെന്നും അഥവാ ആയാലും ഇന്ത്യയില്‍ വേണ്ടെന്ന് തുറന്നു പറഞ്ഞതിനു പിന്നാലെ വിമര്‍ശനം നേരിട്ടതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായകന്‍ സോനു നിഗം. താന്‍ പറഞ്ഞ കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നാണ് സോനു പറയുന്നത്. താന്‍ മന:പ്പൂര്‍വം ഇന്‍ഡസ്ട്രിയില്‍ ഒരു നെപ്പോ കിഡിനു രൂപം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിനിമാസംഗീത രംഗത്തെ മക്കള്‍ വാഴ്ചയുടെ തുടര്‍ച്ച എന്റെ മകനിലൂടെയാകരുതെന്ന് ആഗ്രഹിച്ചതു കൊണ്ടുമാണ് ഇങ്ങനെയൊരു കാര്യം തന്റെ മകനെ കുറിച്ച് പറഞ്ഞതെന്നുമാണ് സോനു പ്രതികരിച്ചത്.
എന്റ മകന്‍ നീവന്‍ വളരെ കഴിവുള്ളവനും പോസിറ്റീവ് ചിന്താഗതിക്കാരനുമാണ്. അവന് സംഗീതത്തില്‍ മാത്രമല്ല, പെയിന്റിങ്ങിലും ഗെയ്മിങ്ങിലും സംവിധാനത്തിലും എഡിറ്റിങ്ങിലുമെല്ലാം കഴിവുകളുണ്ട്. പക്ഷേ സംഗീത ജീവിതം നയിക്കാനാണ് അവന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ ആ ജീവിതം തിരഞ്ഞെടുക്കട്ടെ. എന്റെ ആഗ്രഹപ്രകാരം ജീവിക്കണമെന്ന് എനിക്ക് അവനെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ല. അവന് താത്പര്യമുള്ള ജീവിതമല്ലേ അവന്‍ തിരഞ്ഞെടുക്കേണ്ടത്. വളരെ പോസിറ്റീവ് രീതിയിലായിരുന്നു അഭിമുഖത്തില്‍ എന്റെ മകനെക്കുറിച്ചും അവന്റെ ഭാവിയെക്കുറിച്ചും സംസാരിച്ചത്. പക്ഷേ അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.' സോനു പറഞ്ഞു.
മുതിര്‍ന്നപ്പോള്‍ സംഗീതത്തിലാണ് തന്റെ ഭാവി എന്നു തിരിച്ചറിഞ്ഞത് താന്‍ തന്നെയാണെന്നും അതറിഞ്ഞപ്പോള്‍ എല്ലാ പിന്തുണയും നല്‍കി എന്റെ മാതാപിതാക്കള്‍ കൂടെ നില്‍ക്കുകയാണുണ്ടായതെന്നും, അതുപോലെ തന്റെ മകന് എന്താണോ ആഗ്രഹം അതായിത്തീരാന്‍ ഞാന്‍ എല്ലാ പിന്തുണയും നല്‍കും. മറിച്ച് എന്റെ താത്പര്യം മകനില്‍ അടിച്ചേല്‍പ്പിക്കുകയല്ല. അദ്ദേഹം കൂട്ടിചേര്‍ത്തു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മകന്റെ സംഗീതഭാവിയെക്കുറിച്ച് സോനു നിഗം തുറന്നു പറഞ്ഞത്.സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. പലരും ബോളിവുഡിലെ മക്കള്‍ വാഴ്ചയിലെ ഇരകളായിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് സംഗീതരംഗം ഭരിക്കുന്നത് രണ്ടു മാഫിയകളാണെന്നും അവര്‍ തങ്ങളുടെ അധികാരമുപയോഗിച്ച് ആരു പാടണം പാടണ്ട എന്നു തീരുമാനിക്കുമെന്നും സോനു അന്ന് തുറന്നു പറഞ്ഞിരുന്നു.

Latest News