- വിവരം പുറത്തുവിട്ടത് ജാപ്പനീസ് ചാനൽ
ടോക്കിയോ- വടക്കൻ കൊറിയയിൽ ആണവ പരീക്ഷണത്തിനിടെ ഭൂഗർഭ ടണൽ ഇടിഞ്ഞുവീണ് 200 പേർ മരിച്ചതായി റിപ്പോർട്ട്. വടക്കൻ കൊറിയ ഏറ്റവുമൊടുവിൽ ആണവ പരീക്ഷണം നടത്തിയ സെപ്റ്റംബർ മൂന്നിനു ശേഷമാണ് സംഭവമെന്ന് ജപ്പാനിലെ അസാഹി ചാനൽ റിപ്പോർട്ട് ചെയ്തു. പേര് വെളിപ്പെടുത്താത്ത വടക്കൻ കൊറിയൻ വക്താവിനെ ഉദ്ധരിച്ചാണ് റിപ്പോർട്ടെന്ന് ചാനൽ പറയുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ മറ്റ് മാർഗങ്ങളില്ല. റിപ്പോർട്ട് സ്ഥിരീകരിക്കാൻ തങ്ങൾക്ക് സംവിധാനമില്ലെന്നാണ് ഒരു തെക്കൻ കൊറിയൻ മന്ത്രി പറഞ്ഞത്.
പുങ്ഗ്യി-റി എന്ന സ്ഥലത്താണ് സംഭവമെന്ന് റിപ്പോർട്ടിൽ പറയുന്നു. വടക്കൻ കൊറിയ നടത്തിയ ആറാമത്തെയും ഏറ്റവും വലുതുമായ ഭൂഗർഭ ആണവ പരീക്ഷണത്തിന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ദുരന്തമുണ്ടായത്. രണ്ട് തവണയാണ് തുരങ്കം ഇടിഞ്ഞത്. ആദ്യ തവണ തുരങ്കം ഇടിഞ്ഞ് ഉള്ളിൽ പെട്ട നൂറോളം പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും തുരങ്കം ഇടിഞ്ഞ് പിന്നെയും നൂറോളം പേർ മരിച്ചു. ആണവ പരീക്ഷണത്തിന്റെ ആഘാതമാണ് ദുരന്തത്തിന് കാരണമെന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നു.
ഒരു മലയുടെ അടിയിലാണ് വടക്കൻ കൊറിയ ഭൂഗർഭ ആണവ പരീക്ഷണം നടത്തുന്നത്. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ മല ഇടിഞ്ഞു താഴുന്നതിനും അണു വികിരണം ചൈനാ അതിർത്തി വരെ എത്തുന്നതിനും ഇടയാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. സെപ്റ്റംബർ മൂന്നിലെ അണു പരീക്ഷണത്തെത്തുടർന്ന് പ്രദേശത്ത് കനത്ത തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി പിറ്റേ ദിവസം എടുത്ത ഉപഗ്രഹ ചിത്രങ്ങളിൽ കണ്ടെത്തിയിരുന്നു. 38 നോർത്ത് എന്ന് വെബ്‌സൈറ്റ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ പുങ്ഗ്യി റിയിലെ ഭൗമോപരിതലത്തിൽ വലിയ തോതിൽ മാറ്റം സംഭവിച്ചതും ഭൂചലനത്തെത്തുടർന്ന് ഭൂമി ഉയർന്നതായും, പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതായും കാണാൻ കഴിഞ്ഞു. ആണവ പരീക്ഷണത്തിന്റെ ഫലമായി മേഖലയിൽ റിക്ടർ സ്‌കെയിലിൽ 6.3 തീവ്രതയുള്ള ഭൂചലനം ഉണ്ടായതായി യു.എസ് ജിയോളജിക്കൽ സർവേ വെളിപ്പെടുത്തിയിരുന്നു. ഏതാനും മിനിറ്റുകൾക്കു ശേഷം 4.1 ശക്തിയുള്ള മറ്റൊരു ഭൂചലനവുമുണ്ടായി.
120 കിലോ ടൺ വരുന്ന ഹൈഡ്രജൻ ബോംബാണ് പരീക്ഷണം നടത്തിയതെന്ന് വടക്കൻ കൊറിയ അവകാശപ്പെട്ടിരുന്നു. ഇതിന്റെ ശേഷി 1945ൽ അമേരിക്ക ഹിരോഷിമയിൽ ഇട്ട അണുബോംബിന്റെ എട്ടിരട്ടിയാണെന്നാണ് ജപ്പാൻ വെളിപ്പെടുത്തിയത്.
2006 ലാണ് വടക്കൻ കൊറിയ ആദ്യമായി ആണവ പരീക്ഷണം നടത്തുന്നത്. ഇതിനകം നടത്തിയ ആറ് പരീക്ഷണങ്ങളിൽ ഏറ്റവും ശക്തിയുള്ളതായിരുന്നു സെപ്റ്റംബർ മൂന്നിലേത്. ഇതേതുടർന്ന് വടക്കൻ കൊറിയക്കെതിരായ ഉപരോധ നടപടികൾ ലോക രാജ്യങ്ങൾ കൂടുതൽ കർക്കശമാക്കിയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തയാഴ്ച തെക്കൻ കൊറിയ സന്ദർശിക്കാനിരിക്കേയാണ് ആണവ പരീക്ഷണത്തേത്തുടർന്നുള്ള ദുരന്ത വാർത്ത പുറത്തു വരുന്നത്. സന്ദർശന വേളയിൽ ഇരു കൊറിയകൾക്കുമിടയിലുള്ള സൈനികേതര മേഖലയിലേക്ക് ട്രംപ് പോകുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും, അതുണ്ടാവില്ലെന്ന് ഇന്നലെ വൈറ്റ് ഹൗസ് വ്യക്തമാക്കി.