മുംബൈ- ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫഌക്‌സിനെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹിന്ദുത്വവാദികള്‍ ക്യാമ്പയിന്‍ തുടങ്ങി. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ 'എ സ്യൂട്ടബിള്‍ ബോയ്' എന്ന മിനി വെബ് സീരീസിലെ ഒരു രംഗത്തെ ചൊല്ലിയാണ് ട്വിറ്ററില്‍ ബോയ്‌കോട്ട് നെറ്റ്ഫഌക്‌സ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. വെബ് സീരീസിലെ രണ്ട് കഥാപാത്രങ്ങള്‍ ഒരു ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നെറ്റ്ഫഌക്‌സിനെ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നത്. ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഇന്ത്യാ വിരുദ്ധ സന്ദേശമാണ് നെറ്റ്ഫഌക്‌സിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും ആരോപിച്ചാണ് പ്രതിഷേധം. ബിബിസിയുടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ബിബിസി ഐ പ്ലെയറിലാണ് എ സ്യൂട്ടബിള്‍ ബോയ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. ഇതിന് ശേഷമാണ് നെറ്റ്ഫഌക്‌സിലും സീരീസ് പ്രദര്‍ശനം തുടങ്ങിയത്