ന്യൂയോര്‍ക്ക്- തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് തോല്‍വി സമ്മതിച്ചില്ലെങ്കില്‍ പ്രസിഡന്റിന്റെ കാലാവധി തീരുന്ന ജനുവരി 20ന് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ട് @POTUS നിയുക്ത പ്രസിഡന്റ് ജോ ബൈഡനു കൈമാറുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ മാറ്റത്തെ പിന്തുണയ്ക്കുന്നതിന് തയാറെടുപ്പുകള്‍ നടത്തി വരികയാണെന്നും പ്രസിഡന്റുമായി ഔദ്യോഗിക അക്കൗണ്ടുകളെല്ലാം പുതിയ ഭരണകൂടത്തിന് കൈമാറുമെന്നും ട്വിറ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു. നാഷണല്‍ ആര്‍ക്കൈവ്സ്, റെക്കോര്‍ഡ്സ് അഡ്മിനിസ്ട്രേഷന് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് നടപടികളെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
@VP, @whitehouse, @FLOTUS എന്നീ മറ്റു ഔദ്യോഗിക അക്കൗണ്ടുകളാണ് പുതിയ ഭരണകൂടനത്തിന് കൈമാറുക. പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് തോല്‍വി സമ്മതിച്ചില്ലെങ്കിലും അക്കൗണ്ട് ജോ ബൈഡന്റെ ടീമിനു കൈമാറുമെന്നാണ് ട്വിറ്റര്‍ നിലപാട്. @realDonaldTrump ആണ് ട്രംപിന്റെ വ്യക്തിപരമായ അക്കൗണ്ട്.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും വിജയം അവകാശപ്പെട്ട് ട്രംപ് നിരന്തരം ട്വീറ്റുകള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവ വസ്തുതാപരമല്ലെന്ന് മുന്നറിയിപ്പ് ഓരോ ട്വീറ്റിനൊപ്പും ട്വിറ്റര്‍ നല്കി വരുന്നുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്യണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ട്വിറ്റര്‍ ആ നടപടി സ്വീകരിച്ചിട്ടില്ല. പകരം ട്വീറ്റുകള്‍ക്കൊപ്പം തെറ്റിദ്ധാരണ പരത്തുന്ന വിവരമെന്ന ലേബല്‍ നല്കി വരുന്നുണ്ട്.