ബംഗളൂരു-ബംഗളൂരു ലഹരിമരുന്നു കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡി നീട്ടി ചോദിക്കാതിരുന്നതോടെ ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു തിരിച്ചയയ്ക്കും.അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ കന്നഡ സീരിയല്‍ നടി അനിഖയ്‌ക്കൊപ്പം ലഹരിമരുന്നു കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതോടെ ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒക്ടോബര്‍ 29ന് ഇഡി അറസ്റ്റു ചെയ്ത ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 25 വരെയാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി പറയുന്ന കാര്‍ പാലസ് ഉടമ ലത്തീഫിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വരികയാണ്. ബിനീഷിന്റെ തിരുവനന്തപുരത്തെ ബിനാമിയാണ് ലത്തീഫെന്ന് ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു.
മയക്കുമരുന്ന് ഇടപാടിലൂടെ ലഭിക്കുന്ന പണം ലത്തീഫിലൂടെയാണ് ബിനീഷ് കൈകാര്യം ചെയ്തിരുന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് രണ്ടു തവണയാണ് ചോദ്യം ചെയ്യലിനായി ലത്തീഫിന് ഇഡി നോട്ടീസയച്ചത്.