Sorry, you need to enable JavaScript to visit this website.

വിമര്‍ശകരായ മുതിര്‍ന്ന നേതാക്കളെ കൂടി ഉള്‍പ്പെടുത്തി കോണ്‍ഗ്രസില്‍ പുതിയ ഉന്നത സമിതികള്‍ രൂപീകരിച്ചു

ന്യൂദല്‍ഹി- തുടര്‍ച്ചയായ തെരഞ്ഞെടുപ്പു പരാജയങ്ങളും പാര്‍ട്ടിക്കു നേതൃത്വമില്ലായ്മയും ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു വരുന്ന നേതാക്കളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ പുതിയ പാര്‍ട്ടി സമിതികള്‍ രൂപീകരിച്ചു. വിമര്‍ശന സ്വരം ഉയര്‍ത്തിയ 23 നേതാക്കളെ നേരത്തെ വിവിധ പാര്‍ട്ടി ചുമതലകളില്‍ നിന്ന് തഴഞ്ഞിരുന്നു. ഇവരില്‍ നാലു പേര്‍ക്കാണ് ഇപ്പോള്‍ പുതിയ പദവികള്‍ നല്‍കിയിരിക്കുന്നത്. സാമ്പത്തിക കാര്യം, വിദേശകാര്യം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി അധ്യക്ഷയ്ക്കു ഉപദേശം നല്‍കുന്ന ഉന്നത നേതാക്കളുടെ സമിതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. എല്ലാ സമിതിയിലും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അംഗമാണ്. 

സാമ്പത്തിക കാര്യ സമിതിയില്‍ പി ചിദംബരം, ദിഗ്‌വിജയ സിങ്, മല്ലികാര്‍ജുന്‍ ഖഡ്‌ഗെ എന്നിവരാണ് മറ്റു അംഗങ്ങള്‍. ജയ്‌റാം രമേശ് കണ്‍വീനറും. വിദേശകാര്യ സമിതി കണ്‍വീനര്‍ സല്‍മാന്‍ ഖുര്‍ഷിദ് ആണ്. ശശി തരൂര്‍, ആനന്ദ് ശര്‍മ, സപ്തഗിരി ഉല്‍ക്ക എന്നിവര്‍ അംഗങ്ങളും. ദേശീയ സുരക്ഷ സംബന്ധിച്ച സമിതി കണ്‍വീനര്‍ വിന്‍സെന്റ് എച് പാലയാണ്. ഗുലാം നബി ആസാദ്, വീരപ്പമൊയ്‌ലി, വി വൈത്തിലിംഗം എന്നിവരാണ് അംഗങ്ങള്‍.

ഈ മുന്നു വിഷയങ്ങളുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് സമിതികള്‍ രൂപികരിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. 

ഈ സമിതി അംഗങ്ങളില്‍ ഗുലാം നബി ആസാദ്, ശശി തരൂര്‍, വീരപ്പ മൊയ്‌ലി, ആനന്ദ് ശര്‍മ എന്നീ മുതിര്‍ന്ന നേതാക്കള്‍ നേരത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ചോദ്യങ്ങളുന്നയിച്ച് കത്തെഴുതിയ സംഘത്തില്‍പ്പെട്ടവരാണ്. ഇവരില്‍ ആനന്ദ് ശര്‍മ എഐസിസിയുടെ വിദേശകാര്യ വകുപ്പും തരൂര്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസും കൈകാര്യം ചെയ്യുന്നവര്‍ കൂടിയാണ്.
 

Latest News