ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം വീണ്ടും ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍ രംഗത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘനടകളുടെ നേതാക്കള്‍ സംയുക്തമായി ദല്‍ഹിയില്‍ അടുത്ത വ്യാഴാഴ്ച (നവംബര്‍ 26) മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ദല്‍ഹിയിലേക്കു വരുന്ന കര്‍ഷകരെ വഴിതടഞ്ഞ് പ്രവേശിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ ദല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കി.
500ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ യുനൈറ്റഡ് ഫാര്‍മേഴ്‌സ് മോര്‍ചയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ ഛണ്ഡീഗഢില്‍ യോഗം ചേര്‍ന്ന് സമരത്തിന് രൂപം നല്‍കി. പാര്‍ലമെന്റിനു പുറത്ത് സമരം സംഘടിപ്പിക്കാനാണു പദ്ധതി. ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. പ്രതിഷേധിക്കാന്‍ അനുമതി നല്‍കിയില്ലെങ്കിലും കര്‍ഷകര്‍ ദല്‍ഹിയിലെത്തുമെന്നും ഒരു നേതാവ് പറഞ്ഞു.
എത്രകാലം സമരം നീണ്ടു പോകുമെന്ന് അറിയില്ല. മൂന്നു നാലം മാസം തങ്ങാനുള്ള ഒരുക്കങ്ങളുമായാണ് കര്‍ഷകര്‍ സമരത്തിനിറങ്ങുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന ഘടകം അധ്യക്ഷന്‍ ഗുര്‍നാം സിങ് ഛാധുനി പറഞ്ഞു. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക സമരം ഇപ്പോഴും ശക്തമായി നടന്നു വരുന്നുണ്ട്.