കൊച്ചി-കേരളത്തില്‍ സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്നു തീരുമാനം. സിനിമാ സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സംഘടനകളെ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചിത്രീകരണത്തിന് നൂറുപേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ലെന്നും ചര്‍ച്ചയില്‍ തീരുമാനമായി. കോവിഡ് വ്യാപനത്താല്‍ സിനിമ ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. അടുത്തിടെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിങ് നടത്താമെന്ന് തീരുമാനമായത്. എന്നാല്‍ രോഗവ്യാപനം തടയാന്‍ വളരെ കുറച്ച് ആളുകളെ മാത്രമേ ലൊക്കേഷനില്‍ അനുവദിക്കുകയുള്ളു എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ചിത്രീകരണത്തിനിടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചില സിനിമകളുടെ ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.
തമിഴ്‌നാട്ടില്‍ തിയറ്റര്‍ തുറന്നതിന് പിന്നാലെ കേരളത്തിലും തിയറ്ററുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. അതിനിടെ അടുത്ത വര്‍ഷം വിഷുവിനെ തുറക്കൂവെന്ന വാര്‍ത്തകളും വന്നു. എന്നാല്‍ ചിത്രീകരണം നടത്തുന്ന സിനിമകളുടെ തിയറ്റര്‍ റിലീസ് അടുത്തൊന്നും ഇനി പ്രതീക്ഷിക്കാനാവില്ല.