ന്യൂദല്‍ഹി- ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ജനുവരി അഞ്ചിന് നടന്ന അക്രമ സംഭവങ്ങളില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ദല്‍ഹി പോലീസ് നിയോഗിച്ച കമ്മിറ്റി.
മുഖംമൂടി ധരിച്ച നൂറോളം പേര്‍ നാല് മണിക്കൂറോളം നടത്തിയ ആക്രമണത്തില്‍ 36 വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അന്നത്തെ പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കിന്റെ നിര്‍ദേശ പ്രകാരമാണ് ജോയിന്റെ പോലീസ് കമ്മീഷണര്‍ ശാലിനി സിംഗിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയാണ ദല്‍ഹി പോലീസിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.
പോലീസ് ഇടപെടലിലൂടെ കാമ്പസിലെ പ്രശ്‌നങ്ങള്‍ നിയന്ത്രണ വിധേയമായെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികള്‍ പ്രകാരം കമ്മിറ്റിയുടെ നിഗമനം.
അക്രമം നടക്കുമ്പോള്‍ പോലീസ് ക്യാമ്പസിനു പുറത്ത് നില്‍ക്കുകയായിരുന്നു. അക്രമികള്‍ക്ക് സൗകര്യം നല്‍കാനാണിതെന്നായിരുന്നു ആരോപണം. യൂനിവേഴ്‌സിറ്റി അധികൃതരുടെ അനുമതിയില്ലാതെ ക്യാമ്പസില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസ് പറഞ്ഞ ന്യായം.
എന്നാല്‍ അതിനുമുമ്പ് ജാമിഅ മില്ലിയയില്‍ കയറിയ പോലീസ് ലൈബ്രറയിലടക്കം വിദ്യാര്‍ഥികളെ തല്ലിച്ചതച്ചിരുന്നു.