ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികമാണ് ഇന്ന്. 1984 ഒക്ടോബര്‍ 31 നാണ് അവര്‍ അംഗരക്ഷകരായിരുന്ന ബിയാന്ത് സിംഗിന്റേയും സത് വന്ത് സിംഗിന്റേയും വെടിയേറ്റ് മരിച്ചത്.
പഞ്ചാബ് ഭീകരതക്കെതിരായ നടപടികളുടെ ഭാഗമായി അമൃത്സറിലെ ഹര്‍മീന്ദര്‍ സാഹിബില്‍ പ്രവേശിക്കാന്‍ സൈനികരോട് ഉത്തരവിട്ടതാണ് അംഗരക്ഷകരാല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെടാന്‍ കാരണം.
അംഗരക്ഷകര്‍ തുരുതുരെ നിറയൊഴിച്ചതിനെ തുടര്‍ന്ന് ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എ.ഐ.ഐ.എം.എസ്) എത്തിച്ച ഇന്ദിരയുടെ ജീവന് രക്ഷിക്കാന്‍ 80 കുപ്പി രക്തമാണ് ഉപയോഗിച്ചത്. ഡോക്ടര്‍മാരയ ജഗ്ദേവ് സിംഗ് ഗുലേറിയ, എം.എം.കപൂര്‍, എ.എസ്. ബലറാം തുടങ്ങിയ ഡോക്ടര്‍മാര്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഇന്ദിരയുടെ ജീവന് രക്ഷിക്കനായില്ല.
ബിയാന്ത് സിംഗ് സിംഗാണ് ആദ്യം ഇന്ദിരാഗാന്ധിയുടെ നേരെ നിറയൊഴിച്ചത്. ഇയാളുടെ തോക്കില്‍നിന്നുള്ള മൂന്ന് വെടിയുണ്ടകള്‍ അവരുടെ വയറിലും നെഞ്ചിലും കൈയിലുമാണ് പതിച്ചത്. രണ്ടാമത്തെ അംഗരക്ഷനായ സത്വന്ത് സിംഗ് ഇന്ദിരാഗാന്ധിയുടെ ദേഹത്തേക്ക് തൊടുത്തത് 25 വെടിയുണ്ടകളായിരുന്നു. ഇയാളുടെ കൈയില്‍ തോംസണ്‍ ഓട്ടോമാറ്റിക് കാര്‍ബൈനാണ് ഉണ്ടായിരുന്നത്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഏക മകളായ ഇന്ദിരയുടെ ജനനം 1917 നവംബര്‍ 19ന് അലഹബാദിലായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ ഇന്ദിര ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1966 ജനുവരി മുതല്‍ മാര്‍ച്ച് 1977 വരെ. ഇടവേളക്കുശേഷം നാലാം തവണ അധികാരത്തിലെത്തിയ അവര്‍ 1980 ജനുവരി 14 മുതല്‍ മരിക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടര്‍ന്നു.
ഭര്‍തൃമാതാവ് ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്ന് സോണിയാ ഗാന്ധി പിന്നീട് വെളിപ്പെടുത്തിയിരുന്നു. സാധാരണ ജീവിതം നയിക്കാന്‍ ആഗ്രഹിച്ചിരുന്ന ഇന്ദിരയെ രാജ്യത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് പിന്നീട് രാഷ്ട്രീയത്തിലെത്തിച്ചത്.