വാഷിംഗ്ടണ്‍- യു.എസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെക്കുറിച്ചുള്ള വംശീയവും സ്ത്രീവിദ്വേഷപരവുമായ പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. വിദ്വേഷകരമായ കാര്യങ്ങള്‍ പതിവായി പോസ്റ്റു ചെയ്യുന്ന മൂന്ന് ഗ്രൂപ്പുകളെ കുറിച്ച് പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി.
90% വിദ്വേഷ പ്രസംഗങ്ങളും നീക്കംചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. വംശീയ വിദ്വേഷം പ്രചരിപ്പിക്കാനും സ്ത്രീ വിദ്വേഷത്തിനും മാത്രമായി നീക്കിവെച്ച പേജുകളാണിതെന്ന് ഒരു വംശീയ നിരീക്ഷണ സംഘം വിശേഷിപ്പിച്ചു.
കമല ഹാരിസിന്റെ അമ്മ ഇന്ത്യക്കാരിയാണെന്നും പിതാവ് ജമൈക്കക്കാരനാണെന്നും അതുകൊണ്ട് യു.എസ് പൗരയല്ലെന്നുമാണ് പേജുകളില്‍ പ്രധാനമായും ആരോപിച്ചിരുന്നത്. വേണ്ടത്ര കറുപ്പില്ലെന്നാണ് മറ്റൊരു പോസ്റ്റ്. ഇന്ത്യയിലേക്ക് നാടുകടത്തണമെന്നും പോസ്റ്റുകളിലും കമന്റുകളിലും ആവശ്യപ്പെട്ടു. പേര് വളച്ചൊടിച്ച് ആക്ഷേപിക്കുന്ന പോസ്റ്റുകളുമുണ്ടായിരുന്നു.