Sorry, you need to enable JavaScript to visit this website.

സി.പി.ഐ നേതാവ് ആനിരാജയ്ക്ക് ദല്‍ഹിയില്‍ പോലീസ് മര്‍ദനം

ന്യൂദല്‍ഹി- കോളനി ഒഴിപ്പിക്കലിനെതിരെ സമരത്തിലേര്‍പ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ  സി.പി.ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് മര്‍ദനം. ശാദിപൂരിലെ കത്പുട്‌ലി ഗ്രാമത്തിലെ കലാകാരന്മാരുടെ കോളനി ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ആനി രാജക്കു പുറമെ, മഹിളാ ഫെഡറേഷന്‍ ദല്‍ഹി ജനറല്‍ സെക്രട്ടറി ഫിലോമിന ജോണും ഏതാനും പ്രവര്‍ത്തകരും പരിക്കേറ്റ് ആശുപത്രിയിലാണ്.
ലാത്തിയടിയേറ്റ് അബോധാവസ്ഥയിലായ  ആനി രാജയെ പ്രദേശവാസികളാണ്  റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചത്. ലാത്തി കൊണ്ട് അടിച്ചതിനു പുറമെ പോലീസുകാര്‍ ശരീരത്തില്‍ ചവിട്ടിയെന്നും ആനി രാജ പറഞ്ഞു.
ബംഗാള്‍, ബിഹാര്‍, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളായ നാലായിരത്തിലേറെ കലാകാരന്‍മാര്‍ കഴിയുന്ന കോളനിയാണ്  കത്പുട്‌ലി ഗ്രാമത്തിലേത്.  കോളനി ഏറ്റെടുക്കാന്‍ തീരുമാനിച്ച ദല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി (ഡി.ഡി.എ)  പകരം സ്ഥലം അനുവദിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ജനങ്ങള്‍ പ്രതിഷേധത്തിലായിരുന്നു. കോളനിയില്‍ തകരഷെഡ് മറച്ചു സ്ഥാപിച്ച വീടുകള്‍ അടക്കമുള്ളവ പൊളിച്ചുമാറ്റാനാണ് ഡി.ഡി.എ സംഘം തീരുമാനിച്ചത്. ഷെഡുകള്‍ പൊളിച്ചുമാറ്റിയ സ്ഥലത്ത് ബഹുനില കെട്ടിടം നിര്‍മിച്ചു നല്‍കുമെന്നാണ് അധികൃതരുടെ വാഗ്ദാനം.പ്രദേശ വാസികളുടെ പ്രക്ഷോഭത്തില്‍ സി.പി.ഐയും പങ്കു ചേരുകയായിരുന്നു.


റിയല്‍ എസ്‌റ്റേറ്റ് കമ്പനികളെ സഹായിക്കുന്ന നിലപാടാണ് ഡി.ഡി.എയും പോലീസും സ്വീകരിക്കുന്നതെന്നു ആനി രാജ ആരോപിച്ചു. ഏഴു പതിറ്റാണ്ടിലേറെയായി ഇവിടെ കഴിയുന്ന കലാകാരന്‍മാരെയാണ് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത്. പ്രക്ഷോഭകരെ നേരിടാന്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്.

 

Latest News