ചെന്നൈ- തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കളംപിടിക്കാന്‍ ബിജെപി പുതിയ തന്ത്രങ്ങള്‍ പയറ്റുന്നു. ഡിഎംകെ കുലപതിയും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാനിധിയുടെ മകനും മുന്‍ കേന്ദ്ര മന്ത്രിയുമായ എം. കെ. അഴഗിരിയുമായി പുതിയ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ഇതിനു മുന്നോടിയായി അഴഗിരി 'കലൈജ്ഞര്‍ ഡിഎംകെ' എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. ഈ പാര്‍ട്ടിയെ കൂടി ഉള്‍പ്പെടുത്തി വിശാല സഖ്യമുണ്ടാക്കാനാണു ബിജെപി ശ്രമങ്ങള്‍. കോണ്‍ഗ്രസ് നേതാവായിരുന്ന നടി ഖുഷ്ബുവിനെ പാളയത്തിലെത്തിച്ചശേഷം ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ സഹോദരന്‍ കൂടിയായ അഴഗിരി എന്ന പരിചിത മുഖത്തെ കൂടി കൂടെകൂട്ടി മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
അഴഗിരിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയതായും പുരോഗതിയുള്ളതായും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ബിജെപിയുടെ നീക്കങ്ങള്‍ ഫലം കാണുകയാണെങ്കില്‍ അഴഗിരി നവംബര്‍ 21ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും. തമിഴ്‌നാട് തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തന്ത്രങ്ങല്‍ മെനയുന്ന ഷാ അന്ന് ചെന്നൈയിലെത്തുന്നുണ്ട്. ഏറെ നാളായി ബിജെപി അഴഗിരിയുമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നെന്നും അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.