കൊച്ചി-സംഭവ ബഹുലമായ നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരികെ എത്തി നടി ധന്യ മേരി വര്‍ഗീസ്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട കേസും ജയില്‍വാസത്തിനും ശേഷം മിനിസ്‌ക്രീനിലൂടെയാണ് ധന്യ അഭിനയ രംഗത്തു തിരിച്ചെത്തിയത്. സിനിമയില്‍ നായികയായും സഹനടിയായും തിളങ്ങിയ താരമാണ് ധന്യ. ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിലാണ് ധന്യ അഭിനയിക്കുന്നത്. കാണെകാണെ എന്നാണ് ചിത്രത്തിന്റെ പേര്. ഉയരെക്ക് ശേഷം മനു അശോകന്‍ ഒരുക്കുന്ന ചിത്രമാണ് കാണെക്കാണെ. 2006 ല്‍ ആണ് ആദ്യമായി ധന്യ തിരുടി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നതിന്റെ സന്തോഷത്തില്‍ ആണ് ധന്യ. 'ഏകദേശം 10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഞാന്‍ വീണ്ടും ബിഗ് സ്‌ക്രീനിനു മുന്നില്‍ വരാന്‍ പോകുന്നു. അതിന്റെ ആവേശം പറഞ്ഞറിയിക്കാന്‍ ആകില്ല. വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി എത്തിയത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു. ഇന്നത്തെ യൂത്ത് ഐക്കണ്‍സ് ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാന്‍ പോകുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്ര സന്തോഷം ഉണ്ട്. ഉയരെക്ക് ശേഷം മനു അശോകന്‍ ആണ് കാണെക്കാണെ ഒരുക്കുന്നത്. മാത്രമല്ല എന്റെ മുന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ ആല്‍ബി ഉള്‍പ്പെടെ പരിചിതരായ നിരവധിപേര്‍ക്കൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. പിന്തുണച്ച കാണെക്കാണെ മുഴുവന്‍ ടീമിനും നന്ദി', ധന്യ ഇന്‍സ്റ്റ ഗ്രാമില്‍ കുറിച്ചു.