ന്യൂദല്‍ഹി- സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മേധാവി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടിനല്‍കി. മുതിര്‍ന്ന ഇന്ത്യന്‍ റെവന്യു സര്‍വീസ് ഊദ്യോഗസ്ഥനായ മിശ്ര 2018 നവംബര്‍ 19നാണ് ഇ.ഡി മേധാവിയായത്.രണ്ടു വര്‍ഷത്തേക്കുള്ള നിയമിതനായ മിശ്രയുടെ കാലാവധി നവംബര്‍ 19ന് പൂര്‍ത്തിയാകും. ഇതിനു മുന്നോടി ആയാണ് 2018ലെ നിയമന ഉത്തരവ് ധനമന്ത്രാലയം ഭേദഗതി ചെയ്ത് ഒരു വര്‍ഷം കൂടി കാലാവധി നീട്ടിയത്. ഇതു രാഷ്ട്രപതി അംഗീകരിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, വിദേശ വിനിമയ നിര്‍വഹണ നിയമം (ഫെമ) എന്നീ രണ്ടും നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക കുറ്റാന്വേഷണം നടത്തുന്ന ഏജന്‍സിയാണ് ഇ.ഡി. കള്ളപ്പണം തടയല്‍, ഹവാല, നിയമ വിരുദ്ധ പണമിടപാടുകള്‍, ഭീകരവാദത്തിന് ഫണ്ടിങ് എന്നിവ തടയലാണ് ഇ.ഡിയുടെ പ്രധാന ചുമതല.