അതിര്‍ത്തിയില്‍ പാക്ക് ഷെല്ലാക്രമണം; 4 ഭടന്മാരും 4 നാട്ടുകാരും കൊല്ലപ്പെട്ടു, ഇന്ത്യ ശക്തമായി തിരിച്ചടിച്ചു 

ഇന്ത്യന്‍ മിസൈല്‍ പാക്ക് സൈന്യത്തിന്റെ ബങ്കര്‍ തകര്‍ക്കുന്നു

ശ്രീനഗര്‍- അതിര്‍ത്തി നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തില്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികരും നാലു നാട്ടുകാരും കൊല്ലപ്പെട്ടു. ജമ്മു കശമീരിലെ ഗുറെസ് സെക്ടര്‍ മുതല്‍ ഉറി സെക്ടര്‍ വരെയുള്ള മേഖലകളിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരു ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടും.

ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയില്‍ എട്ടു പാക് ഭടന്‍മാര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ കടന്നാക്രമണത്തിനെതിരെ ശക്തമായാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്. കൊല്ലപ്പെട്ടവരില്‍ പാക്കിസ്ഥാന്‍ സൈന്യത്തിലെ രണ്ടു മൂന്ന് സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോകളും ഉള്‍പ്പെടുമെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. 12ഓളം പാക് സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പാക്ക് സൈന്യത്തിന്റെ ബങ്കറുകള്‍, എണ്ണ സംഭരണികള്‍, ലോഞ്ച് പാഡുകള്‍ എന്നിവ ഉന്നമിട്ടാണ് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചാക്രമണം നടത്തിയത്.
 

Latest News