ന്യൂദൽഹി- ഹാദിയയെ നവംബർ 27ന് സുപ്രീം കോടതിയിൽ ഹാജരാക്കാൻ അശോകനോട് സുപ്രീം കോടതി ഉത്തരവിട്ടു. നവംബർ 27ന് വൈകിട്ട് മൂന്നിന് മുമ്പ് ഹാദിയയെ സുപ്രീം കോടതിയിൽ ഹാജരാക്കണമെന്നാണ് ഉത്തരവ്. ഹാദിയയെ തുറന്ന കോടതിയിൽ കേൾക്കുമെന്നും സുപ്രീ കോടതി വ്യക്തമാക്കി. അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന അശോകന്റെ ആവശ്യം കോടതി തള്ളി. തുറന്ന കോടതിയിൽ ഹാദിയയെ വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഹിപ്‌നോട്ടിസം അടക്കമുള്ള മാർഗങ്ങൾ ഉപയോഗിച്ചാണ് ഹാദിയയെ മതംമാറ്റം നടത്തിയത് എന്ന വിചിത്രവാദം എൻ.ഐ.എ കോടതിയിൽ പറഞ്ഞു. സൈക്കോളജിക്കൽ കിഡ്‌നാപ്പ് എന്ന വാക്കാണ് എൻ.ഐ.എ ഉപയോഗിച്ചത്. ഷെഫിൻ ജഹാന് ക്രിമിനൽ ബന്ധമുണ്ടെന്ന കാര്യം കൂടി എൻ.ഐ.ഐ അഭിഭാഷകൻ വാദിച്ചു. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളെ പ്രേമിക്കാൻ പാടില്ല എന്ന് നിയമമുണ്ടോ എന്ന് കോടതി തിരിച്ചുചോദിച്ചു.
ഷെഫിൻ ജഹാന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കേരള പോലീസ് ഇക്കാര്യം അന്വേഷിച്ച് ബോധ്യപ്പെട്ടതാണെന്നും ഷെഫിൻ ജഹാന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. കേരളത്തിലുള്ളവരെ മുഴുവൻ ഐ.എസ് ബന്ധമുള്ളവരാക്കാനാണ് എൻ.ഐ.ഐ ശ്രമിക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു. ഇതോടെയാണ് ഹാദിയയെ കൂടി കേട്ട ശേഷം കേസിൽ വിധി പുറപ്പെടുവിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന അശോകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഹാദിയ കേസിൽ നിർണായകമായ ഉത്തരവാണ് സുപ്രീം കോടതി നടത്തിയത്. കേസിൽ അന്തിമവിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് ഹാദിയയുടെ വാദം കൂടി കേൾക്കുമെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. ഈ കേസിൽ വസ്തുതാന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിയിൽ എൻ.ഐ.എ സമർപ്പിച്ചിരുന്നു. ഇതിന് പുറമെ ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാന് തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഹാദിയയുടെ അച്ഛൻ അശോകനും കഴിഞ്ഞദിവസം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി നിർദ്ദേശത്തിന് വിരുദ്ധമായാണ് എൻ.ഐ.എ അന്വേഷണം നടത്തിയത് എന്നാരോപിച്ച് ഷെഫിൻ ജഹാനും കോടതിയിൽ അപേക്ഷ നൽകി. ഇതൊന്നും കോടതി ഇപ്പോൾ പരിഗണിച്ചില്ല. പകരം ഹാദിയയുടെ ഭാഗം കൂടി കേൾക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം.