പട്‌ന- ഈസ്റ്റ് ചംപാരനിലെ ജമുവയില്‍ തെരഞ്ഞെടുപ്പു വിജയാഘോഷത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ മുസ്ലിം പള്ളിക്കു നേരെ ആക്രമണം നടത്തി. പള്ളിയുടെ രണ്ട് ഗേറ്റുകളും മൈക്കുമടക്കം നശിപ്പിക്കുകയും മഗ് രിബ് നമസ്‌ക്കാരത്തിനെത്തിയ വിശ്വാസികളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തലയ്ക്ക് പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങളും അക്രമികള്‍ നശിപ്പിച്ചു. ധക്ക നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ജമുവ. ഇവിടെ ബിജെപിയുടെ പവന്‍ കുമാര്‍ ജയസ്വാള്‍ ആണ് ജയിച്ചത്. ജമുവയില്‍ 25ഓളം മുസ്‌ലിം കുടുംബങ്ങളാണ് ഉള്ളത്. പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരം സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പള്ളി പരിസരത്ത് വിജയാഘോഷം നടത്തുകയും ഇതിനിടെ ജയ് ശ്രീറാം വിളികളുമായി പള്ളിയില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
വിജയാഘോഷവുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ പള്ളിക്കു നേരെ കല്ലേറു നടത്തിയതായി പള്ളി സേവകന്‍ മസ്ഹര്‍ ആലം പറഞ്ഞതായി ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ പഴക്കമേറിയ പള്ളിയാണ് ആക്രമിക്കപ്പെട്ടത്. ഇത് നിങ്ങളുടെ രാജ്യമല്ലെന്നും ഇവിടെ നിന്നു പോകണമെന്നും അക്രമികള്‍ ആക്രോഷിച്ചതായും ആലം പറഞ്ഞു. മുസ്‌ലിം കുടുംബങ്ങള്‍ ആശങ്കയിലാണ്. അധികൃതര്‍ സുരക്ഷ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായും രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ധക്ക പോലീസ് എസ് എച് ഒ അഭയ് കുമാര്‍ പറഞ്ഞു.