പട്ന- ബിഹര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 125 സീറ്റോടെ വ്യക്തമായ ഭൂരിപക്ഷ നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാന ശ്രമങ്ങളുമായി പ്രതിപക്ഷമായ മഹാസഖ്യം മുന്നോട്ട്. 243 അംഗ സഭയില്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് 110 സീറ്റുകളെ നേടാനായുള്ളു. 12 സീറ്റുകള്‍ കൂടി അധികം ലഭിച്ചാതെ ഭരണം അവകാശപ്പെടാന്‍ കഴിയൂ. ഈ എണ്ണം തികയ്ക്കുന്നതിനായി മഹാസഖ്യത്തിലെ മുന്‍ ഘടകകക്ഷികളും ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗവുമായ രണ്ടു ചെറുപാര്‍ട്ടികളേയും മികച്ച മുന്നേറ്റമുണ്ടാക്കിയ അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസിനേയും മഹാസഖ്യത്തിന്റെ ക്യാമ്പിലെത്തിക്കാന്‍ ആര്‍ജെഡി നീക്കം നടത്തുന്നതായാണ് റിപോര്‍ട്ട്. മുകേഷ് സാഹ്നിയുടെ വികാസ്ശീല് ഇന്സാന് പാര്‍ട്ടി (വിഐപി), മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്കുലര്‍ എന്നിവരെ കൂടെ കൂട്ടിയാല്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇരു പാര്‍ട്ടികള്‍ക്കും നാലു വീതം സീറ്റുണ്ട്. മജ്ലിസിന് അഞ്ചും. ഇവരെ സമീപിക്കാന്‍ ആര്‍ജെഡി ദൂതന്മാരെ അയച്ചെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.
വിഐപി അധ്യക്ഷനായ മുകേഷ് സാഹ്നി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഉപമുഖ്യമന്ത്രി പദവി നല്കാന് ആര്‍ജെഡി ഒരുക്കമാണ്. എന്നാല്‍ ഒരു പാര്‍ട്ടിയില്‍ നിന്നും അനുകൂലമായ മറുപടി ആര്‍ജെഡിക്കു ലഭിച്ചിട്ടില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് മുകേഷ് സാഹ്നിയും ജിതന്‍ റാം മാഞ്ചിയും മഹാസഖ്യം വിട്ട് എന്‍ഡിഎയിലേക്ക് ചേക്കേറിയത്. ആര്‍ജെഡിയുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ആര്‍ജെഡി തങ്ങളെ സമീപിച്ചതായി ഇരു പാര്‍ട്ടികളും സ്ഥിരീകരിച്ചിട്ടുമുണ്ട്. ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തതായും എന്നാല്‍ എന്‍ഡിഎ വിടേണ്ടെന്നാണ് പാര്‍ട്ടി നേതാക്കളുടെ വികാരമെന്നും വിഐപി വൃത്തങ്ങള്‍ പറയുന്നു. മഹാസഖ്യത്തിലേക്ക് തിരിച്ചു പോക്കില്ലെന്ന് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച വൃത്തങ്ങളും വ്യക്തമാക്കി. ആര്‍ജെഡിയില്‍ നിന്നും നേരിട്ട അവഗണനയാണ് ഇരു പാര്‍ട്ടികളും ചൂണ്ടിക്കാട്ടിയത്.
അതേസമയം മജ്ലിസ് അനുകൂല സമീപനമാണ് സ്വീകരിച്ചത്. വിധ്വംസക ശക്തികള്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത് തടയാന്‍ എന്തിനു വേണമെങ്കിലും തങ്ങള്‍ ഒരുക്കമാണെന്ന് ഉവൈസിയുടെ പാര്‍ട്ടിയുടെ ബിഹാര്‍ അധ്യക്ഷന്‍ അഖ്താറുല്‍ ഐമന് പറഞ്ഞു. ജനവിധിയെ മാനിക്കേണ്ടതുണ്ട്. അതിനനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ അമിതമായി വിശ്വസിച്ചതാണ് വിനയായതെന്ന് ആര്‍ജെഡി വിലയിരുത്തുന്നു. കോണ്‍ഗ്രസിനു നല്കിയ അധിക സീറ്റുകളില്‍ കുറിച്ച് ഇടതു പാര്‍ട്ടികള്‍ക്ക് നല്കിയിരുന്നെങ്കില് അവ കൂടി ലഭിച്ചേനെ എന്നും ഒരു ആര്‍ജെഡി നേതാവ് പറഞ്ഞു. സാമ്പത്തിക പിന്നോക്ക സമുദായ വോട്ടുകളില്‍ വിഐപിക്ക് വലിയ സ്വാധീനമുണ്ട്. അവരെ പിണക്കിയത് തന്ത്രങ്ങളിലെ പിഴവായിരുന്നുവെന്നും ആര്‍ജെഡി നേതാവ് സമ്മതിക്കുന്നു.