ബെംഗളുരു-ലഹരിമരുന്നുമായി ബന്ധപ്പെട്ട കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 34ാം അഡിഷണല്‍ സിവില്‍ ആന്റ് സെഷന്‍സ് കോടതിയാണ് ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും ബിനീഷ് അന്വേഷണങ്ങളോട് സഹകരിക്കുന്നില്ലെന്നും ഇ ഡി വാദിച്ചു. വിശദമായി ചോദ്യം ചെയ്യാന്‍ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും ഇ ഡി ആവശ്യപ്പെട്ടു. എന്നാല്‍ കസ്റ്റഡിയില്‍ വേണമെന്ന ഇ ഡിയുടെ ആവശ്യം കോടതി തള്ളി. ബിനീഷ് പുതിയതായി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ മറുപടി നല്കാന് ഒരാഴ്ച സമയം വേണമെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഈമാസം പതിനെട്ടിന് ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. ഇ ഡി ബിനീഷിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഈ നടപടി ശരിയായില്ലെന്നും ബിനീഷിന്റെ അഭിഭാഷകന് വാദിച്ചു. മാധ്യമങ്ങള്‍ കേസിനെപ്പറ്റി തെറ്റായ വിവരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മാധ്യമങ്ങളെ തടയണമെന്നും ബിനീഷിന്റെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ ബിനീഷിന്റെ ആവശ്യം കോടതി തള്ളി.