ഇന്ത്യൻ ഓഹരി വിപണി റെക്കോർഡ് തിളക്കത്തിലാണ്. പ്രതീക്ഷിച്ച പോലെ തന്നെ നിഫ്റ്റി സൂചിക അതിന്റെ തേഡ് റെസിസ്റ്റൻസായ 10,351 പോയിന്റിലേക്ക് വെള്ളിയാഴ്ച്ച ഉയർന്ന് വിപണിയുടെ അടിയൊഴുക്ക് വ്യക്തമാക്കി. വാരാന്ത്യം 176 പോയിന്റ് പ്രതിവാര നേട്ടത്തിലാണ് നിഫ്റ്റി. ബോംബെ സെൻസെക്‌സ് മാർച്ചിന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര കുതിപ്പ് കാഴ്ച്ചവെച്ചു. 767 പോയിന്റാണ് സെൻസെക്‌സ് മുന്നേറിയത്.
നിഫ്റ്റി 1.7 ശതമാനം നേട്ടത്തിലേക്ക് നീങ്ങിയതിനിടയിൽ 10,223 ലെ നിർണായക പ്രതിരോധത്തിന് മുകളിൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിലാണ്. സൂചിക അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിക്ക് ഏറെ മുകളിലാണിപ്പോൾ. 50 ഡി എം എ 9999 പോയിന്റിലാണ്. പിന്നിട്ട മൂന്ന് പ്രവൃത്തി ദിനങ്ങളിൽ ഇടപാടുകളുടെ വ്യാപ്തിയും വർധിച്ചു.
നിഫ്റ്റി താഴ്ന്ന നിലവാരമായ 10,129 ൽ നിന്നുള്ള കുതിപ്പിൽ 10,366 വരെ കയറി. മാർക്കറ്റ് ക്ലോസിങിൽ 10,323 ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം ആദ്യ റെസിസ്റ്റൻസ് 10,416 പോയിന്റിലാണ്. ഇത് മറികടന്നാൽ, സൂചിക 10,509-10,653 ലേക്കും നവംബറിൽ ഉയരാം. എന്നാൽ മുന്നേറ്റത്തിനിടയിലെ ലാഭമെടുപ്പ് വിൽപ്പന സമ്മർദ്ദമായാൽ 10,179-10,035 ൽ സപ്പോർട്ടുണ്ട്.
ബോംബെ സെൻസെക്‌സ് 32,320 ൽ നിന്ന് 33,286 പോയിന്റ് വരെ കയറി. മാർക്കറ്റ് ക്ലോസിങിൽ ബി എസ് ഇ 33,157 ലാണ്. ഈ വാരം ആദ്യ തടസം 33,520 ലാണ്. ഇതിന് മുകളിൽ അടുത്ത പ്രതിരോധം 33,884 ൽ നേരിടാം. വിദേശ ഫണ്ടുകൾ നിക്ഷേപത്തിന് നീക്കം നടത്തിയാൽ സെൻസെക്‌സ് 34,482 വരെ നീങ്ങാം. എന്നാൽ അത്തരം ഒരു കുതിപ്പിന് മുമ്പായി ഒരു സാങ്കേതിക തിരുത്തൽ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. തിരുത്തലുണ്ടാൽ 32,558-31,960 ലും താങ്ങുണ്ട്.
ഫ്യൂച്ചേഴ്‌സ് ആന്റ ഓപ്ഷൻസിൽ ഒക്‌ടോബർ സീരീസ് സെറ്റിൽമെന്റ് വേളയിൽ ഓപ്പറേറ്റർമാർ ഷോട്ട് കവറിങിന് തിടുക്കം കാണിച്ചു. കോർപ്പറേറ്റ് മേഖലയുടെ ത്രൈമാസ റിപ്പോർട്ടുകൾക്ക് തിളക്കം വർധിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ഇതിനിടയിൽ ബാങ്കിങ് മേഖലക്ക് ഊർജം പകരാനുള്ള ധനമന്ത്രാലയത്തിന്റെ നീക്കങ്ങളും നിക്ഷേപകർക്ക് ആവേശമായി.
വിദേശ ഫണ്ടുകൾ പോയവാരം 912.33 കോടി രൂപ നിക്ഷേപിച്ചു. വിദേശ പോർട്ട് ഫോളിയോ നിക്ഷേപർ 6214 കോടി ഇറക്കി. ആഭ്യന്തര ഫണ്ടുകൾ ഈ അവസരത്തിൽ 220.87 കോടി രൂപയുടെ ഓഹരി വാങ്ങി.പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരി വില 51 ശതമാനം വർധിച്ചു. എസ് ബി ഐ, ആർ ഐ എൽ തുടങ്ങിയവയും മികച്ച പ്രകടനം നടത്തി. ബൂഷൺ സ്റ്റീൽ ഓഹരി വില 33 ശതമാനം ഉയർന്നു. ഐ റ്റി ഓഹരിയായ പോളാരീസിന്റെ നിരക്ക് 27 ശതമാനം വർധിച്ചു. യെസ് ബാങ്ക് 14 ശതാമാനവും സെയിൽ ഓഹരി വില 35 ശതമാനവും കയറി.
ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യത്തിൽ നേരിയ ചാഞ്ചാട്ടം അനുഭവപ്പെട്ടു. 65.02 ൽ ഓപ്പൺ ചെയ്ത മാർക്കറ്റ് ഒരവസരത്തിൽ 65.18 ലേയ്ക്ക് നീങ്ങിയ ശേഷം 64.73 ലേയ്ക്ക് ശക്തിപ്രാപിച്ചെങ്കിലും വാരാന്ത്യം 65.03 ലാണ്.
അമേരിക്ക ഭവന നികുതി പരിഷ്‌കരണ നടപടികൾ സംബന്ധിച്ച് ബജറ്റ് പ്രമേയം പാസാക്കിയത് ഡോളർ സൂചികക്ക് കരുത്തായി. ഡോളറിന്റെ മൂല്യം മൂന്ന് മാസത്തിനിടയിലെ മികച്ച റേഞ്ചിലേക്ക് നീങ്ങിയത് ഏഷ്യൻ കറൻസികളിൽ ചാഞ്ചാട്ടമുളവാക്കി. ഇതിനിടയിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് ബോണ്ടുകൾ വാങ്ങാനുള്ള നീക്കത്തിലാണ്. ഏഷ്യൻ ഓഹരി വിപണികളെല്ലാം തന്നെ പോയവാരം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ ഇൻഡക്‌സുകളും തിളങ്ങി. അമേരിക്കയിൽ നാസ്ഡാക്, എസ് ആന്റ് പി 500 ഇൻഡക്‌സുകൾ റെക്കോർഡ് നിലവാരത്തിലാണ്.