Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ ഹിന്ദു ദൈവങ്ങളുടെ പേരുള്ള പടക്കങ്ങള്‍ വിറ്റതിന് മുസ്‌ലിം കടയുടമയ്ക്ക് ഭീഷണി

ദേവാസ്- ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ഹൈന്ദവ ദേവീ ദേവന്‍മാരുടെ പേരുള്ള പടക്കങ്ങള്‍ വില്‍പ്പന നടത്തിയതിന് തീവ്രഹിന്ദുത്വ വാദികളുടെ സംഘം മുസ്‌ലിമായ കടയുടമയെ ഭീഷണിപ്പെടുത്തി. ദിപാവലി ഉത്സവ സീസണില്‍ വന്‍തോതില്‍ വില്‍പ്പന നടക്കുന്നതിനിടെയാണ് മധ്യപ്രദേശിലെ ദേവാസില്‍ ഈ സംഘം അതിക്രമിച്ചെത്തിയത്. പടക്ക നിര്‍മാണ കമ്പനികളാണ് ദൈവങ്ങളുടെ ഫോട്ടോ വച്ച് പടക്കങ്ങള്‍ പാക്ക് ചെയ്ത് വിതരണം ചെയ്യുന്നത്. ഇതു വില്‍പ്പന നടത്തുന്നയാള്‍ക്ക് ഇതില്‍ ഒരു പങ്കുമില്ല എന്നിരിക്കെയാണ് സംഘവം കടയുടമയെ മതത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയത്. ഇവര്‍ കടയിലെത്തി ഉടമയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. മേലില്‍ ഇവ വില്‍പ്പന നടത്തിയാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അക്രമികള്‍ കടയുടമയെ ഭീഷണിപ്പെടുത്തി. 

ഈ കടയില്‍ നിന്ന് ഇനിയൊരു ലക്ഷ്മി പടക്കമോ ഗണേഷ് പടക്കമോ വിറ്റാല്‍ നിങ്ങളെ കൊണ്ട് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് അക്രമികളില്‍ ഒരാള്‍ മുസ്‌ലിമായ കടയുടമെ ഭീഷണിപ്പെടുത്തുന്നത് ഒരു വിഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. ഭയന്ന കടയുടമ ഇനി വില്‍ക്കില്ലെന്നു ആവര്‍ത്തിച്ച് പറഞ്ഞാണ് അക്രമി സംഘത്തെ മയപ്പെടുത്തിയത്. ഇവര്‍ക്കു മുമ്പില്‍ കടയുടമ കൈകൂപ്പി യാചിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പടക്കം നിര്‍മിക്കുന്നതിലോ പാക്കില്‍ ചിത്രങ്ങള്‍ നല്‍കുന്നതിലോ തങ്ങള്‍ക്കു പങ്കില്ലെന്നും ഇത് കമ്പനികളാണ് ചെയ്യുന്നതെന്നും കടയുടമ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്.  

കടയില്‍ നിന്ന് തിരിച്ചിറങ്ങും മുമ്പ് അക്രമികളില്‍ ഒരാള്‍ ഫ്രാന്‍സിലെ പ്രവാചകനെതിരായ കാര്‍ട്ടൂണിനേയും പരാമര്‍ശിക്കുന്നുണ്ട്. 'ഒരു കാര്‍ട്ടൂണ്‍ ഇത്രയധികം പ്രശ്‌നമാകുമെങ്കില്‍ ഞങ്ങള്‍ക്കും (മതനിന്ദ) പ്രശ്‌നമാണ്. പൗരത്വ പ്രക്ഷോഭ സമയത്ത് മുസ്‌ലിംകളുടെ കടകള്‍ അടപ്പിച്ചിട്ടുണ്ട്. നിങ്ങല്‍ രാജ്യത്തിന് എതിരാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കെതിരാണ്,' എന്നായിരുന്നു ഇയാളുടെ ഭീഷണി.

ഈ സംഭവത്തിന്റെ ഒന്നിലേറെ വിഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇവയിലൊന്ന് ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പടക്കങ്ങള്‍ വിറ്റാല്‍ കട തീയിട്ടു നശിപ്പിക്കുമെന്ന് നിരപരാധിയും വയോധികനുമായ ഒരു മുസ്‌ലിം കടയുടമെ കാവി ഷാളുകള്‍ അണിഞ്ഞെത്തിയ സംഘം ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു സിങിന്റെ ട്വീറ്റ്. 

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുന്നുണ്ടെന്നും ദേവാസ് ജില്ലാ കലക്ടര്‍ ചന്ദ്രമൗലി ശുക്ല പറഞ്ഞു. ദേവീ ദേവന്‍മാരുടെ ചിത്രമുള്ള പടക്കങ്ങള്‍ വില്‍പ്പന വിലക്കിയിട്ടുണ്ടെന്നും ഇതു വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ബുധനാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു.

Latest News