ബിഹാര്‍ തെരഞ്ഞെടുപ്പ്: അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ചൊവ്വാഴ്ച ഫലമറിയാം

പട്‌ന- ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി. 19 ജില്ലകളിലായി 78 മണ്ഡലങ്ങളിലാണ് പോളിങ് പുരോഗമിക്കുന്നത്. 1,204 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. 2.43 കോടി വോട്ടര്‍മാര്‍ക്ക് ഇന്നു വോട്ടു ചെയ്യാം. മുന്‍ ജെഡിയു നേതാവും കേന്ദ്ര മന്ത്രിയുമായ ശരത് യാദവിന്റെ മകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുഭാഷിണി, നടന്‍ സുശാന്ത് സിങ് രജപുതിന്റെ ബന്ധുവും ബിജെപി സ്ഥാനാര്‍ത്ഥിയുമാ നീരജ് കുമാര്‍ സിങ്, സ്പീക്കര്‍ ജെഡിയു നേതാവ് വിജയ് കുമാര്‍ ചൗധരി തുടങ്ങി ശ്രദ്ധേയരായ സ്ഥാനാര്‍ത്ഥികളും ഇവരില്‍ ഉള്‍പ്പെടും. ശക്തമായ ഭരണവിരുദ്ധ വികാരമാണ് ജെഡിയു-ബിജെപി സഖ്യ സര്‍ക്കാര്‍ നേരിടുന്നത്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയും പ്രകടമായിരുന്നു. 

ഇന്നത്തെ പോളിങ് അവസാനിക്കുന്നതോടെ ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടെടുപ്പ് പൂര്‍ത്തിയാകും. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍. അന്നു തന്നെ ഫലം അറിയാനാകും.
 

Latest News