Sorry, you need to enable JavaScript to visit this website.

ബൈഡന്‍ ജയിച്ചാലും ഇസ്രായില്‍ അനുകൂല നയങ്ങളില്‍ മാറ്റമുണ്ടാവില്ല

റിയാദ് - അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയിച്ചാലും അമേരിക്കയുടെ പ്രധാന നയങ്ങളില്‍ മാറ്റങ്ങളുണ്ടാകില്ലെന്ന് അമേരിക്കയിലെ മുന്‍ സൗദി അംബാസഡറും മുന്‍ സൗദി ഇന്റലിജന്‍സ് മേധാവിയുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിക്കല്‍, ഗോലാന്‍ കുന്നുകള്‍ക്കു മേലുള്ള ഇസ്രായില്‍ പരമാധികാരം അംഗീകരിക്കല്‍ അടക്കം ട്രംപ് ഭരണകൂടത്തിന്റെ ഇസ്രായില്‍ അനുകൂല നടപടികളൊന്നും ബൈഡന്റെ വിജയം റദ്ദാക്കില്ല. ജറൂസലം, ഗോലാന്‍ കുന്നുകള്‍, അബ്രഹാം കരാറുകള്‍ എന്നീ വിഷയങ്ങളില്‍ ട്രംപ് നിന്ന സ്ഥാനത്തു നിന്ന് ബൈഡന്‍ പിന്‍വാങ്ങില്ല എന്നാണ് താന്‍ കരുതുന്നത്. ജോ ബൈഡന്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് വ്യത്യസ്തനായിരിക്കുമെന്ന് വിശ്വസിക്കുന്ന പക്ഷം ഫലസ്തീനികള്‍ ഏറെ നിരാശരാകേണ്ടിവരും എന്നതിലാണ് തനിക്ക് ആശങ്കയുള്ളത്.

ജോയിന്റ് കോംപ്രഹെന്‍സീസ് പ്ലാന്‍ ഓഫ് ആക്ഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട ട്രംപിന്റെ നയം താന്‍ ഉപേക്ഷിക്കുമെന്ന് ജോ ബൈഡന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ഇറാന്‍ ആണവ കരാറില്‍ നിന്ന് നേരത്തെ ട്രംപ് പിന്‍വാങ്ങിയിരുന്നു. ഈ കരാറിലേക്ക് താന്‍ മടങ്ങുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉപാധികളോടെയായിരിക്കും ബൈഡന്‍ കരാറിലേക്ക് മടങ്ങുക. ഈ ഉപാധികള്‍ എന്തായിരിക്കുമെന്ന് നമുക്ക് ഇപ്പോള്‍ അറിയില്ലെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

 

Latest News