ചെന്നൈ- ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ വിജയ് ഫാന്‍സ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കമാണ് രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിതാവ് ചന്ദ്രശേഖരനും ഭാര്യ ശോഭയുമെല്ലാം പുതിയ പാര്‍ട്ടിയുടെ ഭാരവാഹിത്വത്തിലുണ്ട്. വരും ദിവസങ്ങളില്‍ തമിഴകത്തെ വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ വിജയ്‌ക്കൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടുകളാണ് തമിഴകത്ത് നിന്നും പുറത്ത് വരുന്നത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരു പോലെ ഞെട്ടിക്കുന്നതാണ് ഈ നീക്കം. എന്നാല്‍ അഛന്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്ത് മിനുറ്റുകള്‍ക്കകം തനിക്ക് ഇതുമായി ബന്ധമില്ലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും വിജയ് പാര്‍ട്ടി തമിഴകത്ത് വന്‍ ഹിറ്റാവുമെന്ന് ഉറപ്പാണ്.
ലോകസഭ തെരഞ്ഞെടുപ്പില്‍ 39ല്‍ 38 ഉം തൂത്ത് വാരിയ ഡി.എം.കെ മുന്നണിയും വലിയ ഷോക്കിലാണ്. ഭരണപക്ഷമായ അണ്ണാ ഡി.എം.കെയില്‍ നിന്ന് വലിയ കൊഴിഞ്ഞ് പോക്ക് ആ പാര്‍ട്ടി നേതൃത്വവും പ്രതീക്ഷിക്കുന്നുണ്ട്. ബി.ജെ.പി വിരുദ്ധ മുഖമായ വിജയ്, ന്യൂനപക്ഷ വോട്ടുകളിലും വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. സിനിമാ രംഗത്ത് നിന്നും നിരവധി പേര്‍ വിജയ് ക്കൊപ്പം അണിനിരക്കാനുള്ള സാധ്യതയും കുടുതലാണ്. 2021ല്‍ വിജയ് തമിഴക മുഖ്യമന്ത്രി എന്ന പ്രചരണമാണ് അദ്ദേഹത്തിന്റെ ഫാന്‍സിപ്പോള്‍ നടത്തി വരുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ ദളപതി വിജയ്, അദ്ദേഹത്തിന്റെ സിനിമകളിലൂടെ മുന്‍പ് തന്നെ വ്യക്തമായ രാഷ്ട്രീയം പ്രകടിപ്പിച്ചിട്ടുണ്ട്. കത്തി, മെര്‍സല്‍, സര്‍ക്കാര്‍ എന്നീ സിനിമകള്‍ രാഷ്ട്രീയമായി വലിയ വിവാദമാണ് തമിഴകത്ത് സൃഷ്ടിച്ചിരുന്നത്.സിനിമയിലൂടെ പറഞ്ഞ വിജയ് വചനം തമിഴക മക്കള്‍ രാഷ്ട്രീയത്തിലും സ്വീകരിച്ചാല്‍, അത് തമിഴക രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത്. തമിഴകത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും, പരമ്പരാഗത രീതി പൊളിച്ചടുക്കി, ജനങ്ങള്‍ നേരിട്ട് കണ്ടെത്തുന്ന പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് വിജയ് ആഗ്രഹിക്കുന്നത്. ഇത് 'സര്‍ക്കാര്‍' എന്ന തന്റെ സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.