Sorry, you need to enable JavaScript to visit this website.

ഹിന്ദു വികാരം വ്രണപ്പെടുത്തി, അമിതാഭ് ബച്ചന്റെ പേരില്‍ കേസ് 

മുംബൈ-മഹാനായകന്‍ അമിതാഭ് ബച്ചന്‍  അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതിയിലെ ചോദ്യത്തിന്റെ  പേരില്‍ അമിതാഭ് ബച്ചനെതിരേ പോലീസ് കേസ്.  ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ്   ബച്ചനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അമിതാഭ് ബച്ചനു പുറമേ  അദ്ദേഹം  അവതരിപ്പിക്കുന്ന ജനപ്രിയ പരിപാടിയായ കോന്‍ ബനേഗ ക്രോര്‍പതിയുടെ പ്രമോട്ടര്‍മാര്‍മാരായ സോണി എന്റര്‍ടെയിന്‍മെന്റിനെതിരേയും കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയിലെ കര്‍മവീര്‍ സ്‌പെഷ്യല്‍ എപ്പിസോഡില്‍ ബച്ചന്‍ ഹിന്ദുക്കളെ അവഹേളിച്ചുവെന്നാണ് പരാതിക്കാരന്റെ  ആരോപണം.
കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഷോയിലാണ് അമിതാഭ് ബച്ചന്‍ മനുസ്മൃതിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്.   1927 ഡിസംബര്‍ 25ന് ഡോ അംബേദ്ക്കറും അനുയായികളൂം കൂടി കത്തിച്ച പുസ്തകം ഏതെന്നായിരുന്നു ചോദ്യം. വിഷ്ണുപുരാണം, ഭഗവത് ഗീത, ഋഗ് വേദം, മനുസ്മൃതി എന്നിവയായിരുന്നു ഓപ്ഷനുകളായി ഉണ്ടായിരുന്നത്. അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ച സംഭവം ഷോയില്‍ അമിതാഭ് ബച്ചന്‍ വിശദീകരിക്കുകയും ചെയ്തു. 
ഇതോടെയാണ് അമിതാഭ് ബച്ചന്‍ ഇടത് പ്രചാരണം നടത്തുന്നുവെന്നും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്. ഷോയുടെ ക്ലിപ്പിംഗുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. അമിതാഭ് ബച്ചനെതിരായ ക്യാമ്പയിനുകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ അഭിമന്യൂ പവാറാണ് പരാതിക്കാരന്‍.  പാര്‍ട്ടിയുടെ ലാത്തൂര്‍ ജില്ലയിലെ ഓസ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അഭിമന്യൂ.
ഹിന്ദുക്കളെ അപമാനിക്കാനും ഐക്യത്തോടെ കഴിയുന്ന ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കാനും ശ്രമിക്കുന്നതായും പവാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പോലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പും ഇദ്ദേഹം ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. 1927 ല്‍ ജാതി വിവേചനത്തെയും തൊട്ടുകൂടായ്മയെയും പ്രത്യയശാസ്ത്രപരമായി ന്യായീകരിക്കുന്നതിന് വേണ്ടി പുരാതന ഹിന്ദു ഗ്രന്ഥമായ മനുസ്മൃതിയെ അംബേദ്കര്‍ അപലപിക്കുകയും  പകര്‍പ്പുകള്‍ കത്തിക്കുകയും ചെയ്തുുവെന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്. ചോദ്യത്തിന് നല്‍കിയ നാല് ഓപ്ഷനുകളും ഹിന്ദു മതവുമായി ബന്ധപ്പെട്ടതാണ്. ഈ ചോദ്യത്തിന് പിന്നിലെ ലക്ഷ്യം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാണ്, 'പവാര്‍   പരാതിയില്‍ പറഞ്ഞു.
 

Latest News