കൊച്ചി-താരസംഘടനയായ 'അമ്മ'യുടെ സജീവ അംഗമായ ബിനീഷ് കോടിയേരി മയക്കമരുന്ന് കേസില്‍ അറസ്റ്റിലായ വിഷയം 'അമ്മ'യുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. മോഹന്‍ലാലിന്റെ സൗകര്യം കൂടി പരിഗണിച്ച് യോഗത്തിന്റെ തീയതി നിശ്ചയിക്കുമെന്ന് ബാബു അറിയിച്ചു. ഫൈവ് ഫിംഗേഴ്‌സ് എന്ന സിനിമയിലൂടെയാണ് ബിനീഷ് അഭിനയത്തിലേക്കെത്തിയത്. ബല്‍റാം വേഴ്‌സസ് താരാദാസ്, ലയണ്‍, കുരുക്ഷേത്ര, നീരാളി, ഒപ്പം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മയുടെ ടീമായ കേരള സ്‌െ്രെടക്കേഴ്‌സിലെ സ്ഥിരം കളിക്കാരനുമാണ്. അതുകൊണ്ടുതന്നെ ബിനീഷിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ എക്‌സിക്യുട്ടീവില്‍ ചര്‍ച്ചയ്ക്ക് വരും.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദിലീപ് വിഷയത്തിനു ശേഷം പരിഷ്‌കരിച്ച അമ്മ നിയമാവലി അനുസരിച്ച് എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് ഒരു അംഗത്തെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരവും ജനറല്‍ ബോഡിക്ക് ഒരു അംഗത്തെ പുറത്താക്കാനുള്ള അധികാരവുമാണ് ഉള്ളതെന്ന് സംഘടന വ്യക്തമാക്കുകയുണ്ടായി. അതിനാല്‍ ബിനീഷിന് നേരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ക്ക് സാധ്യതയുണ്ട്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലുദിവസമായി ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍