ന്യൂദൽഹി- ഹാദിയ കേസ് ഈ മാസം മുപ്പതിന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ഹാദിയയുടെ അച്ഛൻ അശോകൻ സുപ്രീം കോടതിയിൽ പുതിയ അപേക്ഷ നൽകി. തന്റെ മകൾ അഖിലയുടെ ഭർത്താവാണെന്ന് അവകാശപ്പെട്ട് കോടതിയിയെ സമീപിച്ച ഷെഫിൻ ജഹാൻ തീവ്രവാദ മനസുള്ളയാളാണെന്നും ഐ.എസ് ബന്ധത്തിന്റെ പേരിൽ നേരത്തെ എൻ.ഐ.എ അറസ്റ്റ് ചെയ്ത മൻസി ബുറാഖുമായി ഇയാൾക്ക് ബന്ധമുണ്ടെന്നുമാണ് പുതുതായി നൽകിയ പരാതിയിൽ അശോകൻ ചൂണ്ടിക്കാട്ടിയത്. മൻസി ബുറാഖിന്റെ ഉറ്റസുഹൃത്താണ് ഷെഫിൻ ജഹാനെന്നും പരാതിയിലുണ്ട്.
കനകമലയില്‍നിന്നാണ് മന്‍സി ബുറാഖിനെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില്‍ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും അശോകന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഹാദിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് 80 ലക്ഷം രൂപ പിരിച്ചെടുത്തുവെന്നും വന്‍തുക സംഘടന കൈക്കലാക്കിയെന്നും പരാതിയിലുണ്ട്.
ഹാദിയ കേസിൽ കഴിഞ്ഞദിവസം എൻ.ഐ.എ തങ്ങളുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. ഹാദിയ കേസ് ഇതിന് മുമ്പ് രണ്ടു തവണ പരിഗണിച്ച സുപ്രീം കോടതി കേസ് ഈ മാസം മുപ്പതിലേക്കാണ് മാറ്റിവെച്ചത്. കേസ് മുപ്പതിന് പരിഗണിക്കാനിരിക്കെയാണ് അശോകൻ പുതിയ അപേക്ഷ സമർപ്പിച്ചത്.
ഹാദിയ-ഷെഫിൻ ജഹാൻ വിവാഹം അസാധുവാക്കാൻ ഹൈക്കോടതിക്ക് അവകാശമുണ്ടോ എന്ന് തുടങ്ങിയ കാര്യം സുപ്രീം കോടതി വാദം നടക്കുന്നതിനിടെ ആരാഞ്ഞിരുന്നു. കേസിൽ നിർണായക ഉത്തരവ് മുപ്പതിന് വരാനിരിക്കെയാണ് പുതിയ നീക്കം.