ന്യൂദല്‍ഹി- 'നാം ഇന്ത്യയ്ക്ക് അവരുടെ നാട്ടില്‍ ചെന്ന് പ്രഹരം കൊടുത്തു. പുല്‍വാമയിലെ നമ്മുടെ വിജയം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിനു കീഴിലുള്ള ജനങ്ങളുടെ വിജയമാണ്' എന്നു കഴിഞ്ഞ ദിവസം പറഞ്ഞ പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരി നിലപാടു മാറ്റി. പുല്‍വാമ പരാമര്‍ശം വിവാദമായതോടെയാണ് തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയതെന്ന വിശദീകരണവുമായാണ് മന്ത്രി രംഗത്തെത്തിയത്. പാക്കിസ്ഥാന്‍ ഭീകരവാദത്തെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ പ്രസ്താവന ബാല്‍കോട്ടില്‍ ഇന്ത്യ അതിര്‍ത്തി കടന്ന പാക്കിസ്ഥാനിലേക്ക് പ്രവേശിച്ചപ്പോള്‍ പാക്കിസ്ഥാന്‍ നടത്തിയ പെട്ടെന്നുള്ള ഓപറേഷനം കുറിച്ചായിരുന്നു. പുല്‍വാമയ്ക്കു ശേഷം പാക്കിസ്ഥാന്‍ നടത്തിയ ഓപറേഷനെ കുറിച്ചാണ് പറഞ്ഞത്. ഈ സംഭവത്തിന് പൊതുവായി പറയുന്ന പേര് എന്ന നിലയ്ക്കാണ് പുല്‍വാമ എന്നു പറഞ്ഞത്,' മന്ത്രി വിശദീകരിച്ചു.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഫവാദ് ചൗധരിയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തി. പാക്കിസ്ഥാന്‍ പാര്‍ലമെന്റായ ദേശീയ അസംബ്ലിയിലാണ് മന്ത്രി ഫവാദ് ഇങ്ങനെ പറഞ്ഞത്. ഈ പ്രസ്താവന അസംബ്ലിയില്‍ തന്നെ വലിയ കോലാഹലത്തിനിടയാക്കിയതോടെയാണ് അദ്ദേഹം വാക്കുകള്‍ മാറ്റിപ്പറഞ്ഞത്.