ഡോ. എം.പി. ലിഷാന കുരിക്കൾ
മുത്തച്ഛന്റെ കൈ ഏന്തിപ്പിടിച്ച് നടന്നു നീങ്ങുന്ന കൊച്ചുകുട്ടിയുടെ കണ്ണിലെ അഭിമാനം കണ്ടിട്ടുണ്ടോ?. രാത്രിയിൽ മുത്തശ്ശിയുടെ കഥകൾ കേട്ട് കിടക്കവേ, ഒരു കുഞ്ഞുമനസ്സടക്കിപ്പിടിക്കുന്ന കൗതുക വർണ്ണപ്രപഞ്ചം തിരിച്ചറിഞ്ഞിട്ടുണ്ടോ? നീട്ടിപ്പിടിച്ച അവരുടെ കൈകളിലേക്ക് ഓടിയണയുമ്പോൾ ആ കുട്ടി അനുഭവിക്കുന്ന സായൂജ്യം ശ്രദ്ധിച്ചിട്ടുണ്ടോ? ആ കുട്ടിയുടെ സാമീപ്യം ആ വൃദ്ധന്റെ /വൃദ്ധയുടെ ഏകാന്തമായ ആകുലതകളെ എത്ര മാത്രം വിദൂരത്താക്കുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ?
ജീവിതത്തിന്റെ ആമുഖമെന്നു വിളിക്കപ്പെടുന്ന ബാല്യം. അരങ്ങൊഴിയുന്നതിനു മുൻപുള്ള വാർധക്യം. ഈ രണ്ടു ജീവിത ദശകൾ തമ്മിൽ ഒത്തുചേരുമ്പോൾ സംഭവിക്കുന്ന മനോഹരമായ ആ ബന്ധത്തിന്റെ വ്യത്യസ്തമായ മാനങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട ആവശ്യകത ഇന്നത്തെ കാലത്ത് ഏറെയാണ്.
രണ്ടാം ശൈശവമാണ് വാർധക്യം. ജീവിതത്തെ അത് തുടങ്ങിയ ഇടങ്ങളിൽ തന്നെ കൊണ്ടു ചെന്നു നിർത്തി അവസാനിപ്പിക്കാൻ ശ്രമിക്കുന്ന കാലചക്രത്തിന്റെ വൈചിത്ര്യം. പരാശ്രയത്വവും കരുതലിനു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹവും ഭാഗഭാക്കാകുന്ന ഈ രണ്ടു കാലങ്ങളിലും കൂടി പ്രപഞ്ചത്തിലെ നിസ്വാർത്ഥ സ്‌നേഹത്തിന്റെ അക്ഷയ ഖനികൾ അടങ്ങിക്കിടക്കുന്നുണ്ട്. മനസ്സ് കലുഷിതമാകുമ്പോൾ, സ്‌നേഹത്തിന്റെയോ കാരുണ്യത്തിന്റെയോ ഒക്കെ അഭാവം അനുഭവപ്പെടുമ്പോൾ ഏറ്റവും അധികം കടന്നു ചെല്ലാൻ ഞാൻ ഇഷ്ടപ്പെടുന്നത് കുട്ടികളുടെ അടുത്തേക്കും തീരെ പ്രായമായവരുടെ അരികിലേക്കുമാകുന്നത് അതുകൊണ്ട് കൂടിയാണ്. ഉള്ളിലെ എല്ലാ കുറവുകളും ഞൊടിയിട കൊണ്ട് അവർ മാറ്റിത്തരും. നമ്മെ ഈ ലോകത്തെ ഏറ്റവും സ്‌നേഹിക്കപ്പെടുന്നവരായി അവർ മാറ്റും. നമ്മുടെ സ്‌നേഹത്തെ ഈ ലോകത്തെ ഏറ്റവും വിലയേറിയ ഒന്നാക്കിയും. ഈ രണ്ടു ദശകളും നമ്മുടെ സൂക്ഷ്മമായ പരിഗണനകൾ അർഹിക്കുന്നുണ്ട്. അത്രയും തന്നെ ഇവർ തമ്മിലുള്ള ബന്ധവും.
ഓൺലൈൻ വീഡിയോ ഗെയിമുകളിൽ ഏതോ അജ്ഞാതരുടെ ആജ്ഞകളിൽ സ്വന്തം ജീവൻ കളയുന്ന കൗമാരങ്ങൾ മാത്രമല്ല ഈ കുറിപ്പിനാധാരം. രണ്ടു രണ്ടര വയസ്സുകാരൻ പോലും കാർട്ടൂണുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും മുഴുകിക്കഴിയുന്നത് കാണുമ്പോഴുള്ള വേദനയുണ്ട്. നവമാധ്യമ ഇടങ്ങളിൽ പ്രകടമാകുന്ന പുതുതലമുറയുടെ ഇടുങ്ങിയ നിലപാടുകളും ഇടപെടലുകളും കണ്ടുമുട്ടിയതിന്റെ ആശങ്കകളുണ്ട്. ചെറുപ്രായത്തിൽ അവരിൽ നിന്നും വർഗീയതയുടെ അംശങ്ങൾ പ്രസരിക്കുന്നതറിഞ്ഞുള്ള ഉത്കണ്ഠകളും. പ്രായമായവർ ആരും തന്നെ ഇടുങ്ങിയ ജാതിമതചിന്തകളും മറ്റും വെച്ചു പുലർത്തുന്നവരല്ല എന്നല്ല വിവക്ഷ. പക്ഷേ അവരുമായുള്ള സംസർഗത്തിൽ ഈ ലോകത്തെ വിശാലമായ രീതിയിൽ നോക്കിക്കാണാനുള്ള ആർജവം ഓരോ കുട്ടിക്കും പരോക്ഷമായിട്ടെങ്കിലും ലഭിക്കുന്നുണ്ട്. നമ്മുടെ ഏറ്റവും ശുദ്ധവും പക്വവും ആയ ചിന്തകളുടെ ഉറവിടങ്ങൾ പലപ്പോഴും അവരുമായുള്ള സമ്പർക്കങ്ങളിൽ നിന്നും ഉരുവാകുന്നതായിരിക്കും. ഒരേ സമയം തന്നെ അവർ കുഞ്ഞുങ്ങളും ഒരു ജീവിതം മുഴുവൻ ജീവിച്ചു നിൽക്കുന്നവരുമാണല്ലോ.
ചെറുതാകുമ്പോൾ ഏറ്റവും വിശാലമായി നാം കണ്ട ലോകങ്ങൾ ഒക്കെയും അവരിലൂടെയായിരുന്നു. മാതാപിതാക്കൾക്ക് നമ്മുടെ മേലുണ്ടായിരുന്ന കടമകളുടെ ഭാരം അവർക്കില്ലായിരുന്നുവല്ലോ. അതുകൊണ്ട് തന്നെ എല്ലാ അതിർവരമ്പുകൾക്കുമപ്പുറം സ്വാതന്ത്ര്യമാർന്ന കൂട്ടുകാരായി അവർ നമുക്ക്. ജീവിതത്തിൽ ഏറ്റവും പ്രചോദനം ചൊരിഞ്ഞ ഒരു വ്യക്തിയെ പറയാൻ ആലോചിച്ചു പിറകോട്ടു നടന്നപ്പോൾ ഞാൻ ചെന്നു നിന്നത് എന്റെ മുത്തച്ഛന്റെ അടുത്തായിരുന്നു എന്ന് വാക്കാൽ പറഞ്ഞത് പഴയ ഒരു ഇംഗ്ലീഷ് സാഹിത്യകാരനായിരുന്നു എങ്കിലും അവരുമായി ഇടപഴകി വളരാൻ സാധിച്ച ഒരു ഭൂരിപക്ഷത്തിന്റെ സ്വരം കൂടിയായിരുന്നു അത്.
വയറുവേദന കൊണ്ട് പുളഞ്ഞ് വീട്ടിലേക്ക് വന്നു കയറിയ ഒരു ദിവസത്തെ ഓർമ്മ പറയുകയായിരുന്നു സുഹൃത്ത്. അവളെക്കണ്ട് ഉമ്മറത്ത് ഇരുന്ന അമ്മൂമ്മ എന്തോ കുശലം പറഞ്ഞു. വേദനയുടെ ദേഷ്യത്തിൽ അവരോട് ഉച്ചത്തിൽ കയർത്തുകൊണ്ട് അകത്തു കയറിക്കിടന്ന അവൾ പച്ചമരുന്നുകളുടെ ഗന്ധം ശ്വസിച്ചാണുണർന്നത്. അവൾക്കു തലവേദനയാണെന്ന് കരുതി ഉറങ്ങിക്കിടക്കുമ്പോൾ തന്നെ ആശ്വാസം ഉണ്ടാകാനായി ശ്വസിക്കാൻ അടുത്തു കൊണ്ട് വെച്ചതായിരുന്നു അമ്മൂമ്മ ആ ഒറ്റമൂലി. ഏറ്റവും സൂക്ഷ്മമായി മനസ്സിലാക്കപ്പെട്ടിരുന്ന നാളുകളുടെ നഷ്ടബോധമുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.അനുഭവ സമ്പത്തും നിരുപാധികമായ സ്‌നേഹവും ചേർന്ന മിശ്രിതമായിരുന്നു നമുക്കവർ. അതിനു പകരമായി ഒരു നുറുങ്ങുപൊടിവിദ്യകളും നമുക്ക് മുന്നോട്ടു വെക്കാനില്ല.
വയനാട്ടിൽ ബാണാസുര സാഗർ അണക്കെട്ട് അനിയന്റെ കൂടെ കണ്ട് നടക്കുകയായിരുന്നു. അവന്റെ കൈ പിടിച്ച് അലസമായി ചുറ്റിക്കറങ്ങവേ, ഞങ്ങൾക്ക് മുന്നിൽ സഞ്ചാരികളെ വഹിച്ചു കൊണ്ടൊരു വാഹനം വന്നു നിന്നു. കാഴ്ചയിൽ ഉത്തരേന്ത്യക്കാരെന്നു തോന്നിപ്പിക്കുന്ന, ആധുനിക രീതിയിൽ വേഷം ധരിച്ച ഒരു കുടുംബം അതിൽ നിന്നിറങ്ങി. ഒരു യുവദമ്പതികൾ, അവരുടെ ഏഴു വയസ്സ് പ്രായം തോന്നിക്കുന്ന മകൾ. അവരോടോത്ത് അവരുടെ എഴുപത് പിന്നിട്ട അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു. പാന്റും ഷർട്ടും കൂളിംഗ് ഗ്ലാസും ഇട്ട് അപ്പൂപ്പനും, ചുരിദാർ ധരിച്ചു അൽപം കൂനിക്കൂടി നടക്കുന്ന അമ്മൂമ്മയും. കൊച്ചുമോൾ ആഹ്ലാദത്തിന്റെ പാരമ്യത്തിൽ അവിടെയെല്ലാം ഓടിക്കളിച്ചു. കുറച്ചു ദൂരെയെത്തി തിരിഞ്ഞു നോക്കി അമ്മൂമ്മയുടെ അരികിലേക്ക് ഉച്ചത്തിൽ ചിരിച്ച് എന്തോ വിളിച്ചുകൊണ്ട് ഓടി വന്നു കെട്ടിപ്പിടിച്ചു. പിന്നെ അവരുടെ കൈകൾ തന്റെ കൈകളിലെടുത്ത് അന്തരീക്ഷത്തിലേക്കുയർത്തിക്കൊണ്ട് മനസ്സ് നിറഞ്ഞ പോലെ നൃത്തം ചെയ്തു തുടങ്ങി. അമ്മൂമ്മ കുട്ടിയുടെ താളത്തിന് നിന്നു കൊടുക്കുമ്പോൾ തന്നെ മുകളിലേക്ക് തലയുയർത്തി ചിരിച്ചു ക്ഷീണിച്ചു. അപ്പൂപ്പൻ ഒരു ചിരിയിൽ ഇതെല്ലാം ആസ്വദിച്ച് അടുത്തു നിന്നു. അച്ഛനും അമ്മയും ഒരു ക്യാമറയിൽ അവരെ ഒപ്പിയെടുത്തു. ആ ദൃശ്യം മതിമറന്നു നോക്കി നിൽക്കുന്നതിനിടയിൽ അണക്കെട്ടും ചുറ്റിനും ഉയർന്നു നിൽക്കുന്ന മലകളും കാഴ്ചയിൽ നിന്നും മറഞ്ഞിരുന്നു.
ഞാനോർക്കുന്നത് ആ ദമ്പതിമാരെ കുറിച്ചാണ്. വടക്കേ ഇന്ത്യയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രയിൽ മകളോടൊപ്പം പ്രായമായ അച്ഛനുമമ്മയെയും കൂടെ കൂട്ടിയ അവരുടെ മനസ്സിനെക്കുറിച്ച്.. മുതിർന്നവരായ മനുഷ്യർ പല രീതികളിലും അറിഞ്ഞോ അറിയാതെയോ ബാല്യത്തെയും വാർധക്യത്തെയും തമ്മിൽ അകറ്റിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, എന്റെ മനസ്സിനാ കാഴ്ച കൗതുകമായിരുന്നു.
ഊന്നിപ്പറയാനുള്ളത് ആ ബന്ധം കുട്ടിയിൽ വളർത്തുന്ന സുരക്ഷിതത്വ ബോധത്തെ കുറിച്ചാണ്. അത് നൽകിയ വ്യക്തികൾ മരണപ്പെട്ടു പോയാലും അവരുടെ ഓർമ്മകൾ പോലും ഇല്ലാതെ ആയാലും അവരിൽ നിന്നും ലഭിച്ച സുരക്ഷിതത്വ ബോധം കാലങ്ങൾ താണ്ടി കുട്ടികളോടൊപ്പം വളരും. മുമ്പോട്ടുള്ള പ്രയാണങ്ങളിൽ അതവരുടെ ഉള്ളിലെ ഏറ്റവും ഉറപ്പുള്ള അടിത്തറയാകും. പല വിധത്തിലുള്ള അരക്ഷിതാവസ്ഥകൾ പിന്തുടർന്നാണ് കുട്ടികളിൽ ഡിപ്രഷനും സാഡിസവും തുടങ്ങി ആത്മഹത്യാ പ്രവണതകളും ക്രിമിനൽ ചിന്താഗതികളും വരെ മൊട്ടിടുന്നത് എന്ന വസ്തുത കാര്യമായി എടുക്കാൻ നമുക്ക് സാധിക്കണം.
കുട്ടികൾക്ക് വേണ്ടത് കുട്ടിക്കാലം എന്ന തങ്ങളുടെ പിൽക്കാലത്തെ സ്മരണകളിലേക്ക് ദീപ്തമായ ഒരുപിടി നിമിഷങ്ങൾ കൂടിയാണ്. തിരിഞ്ഞു നോക്കുമ്പോൾ നിറവു തോന്നുന്ന, വേദന തോന്നുന്ന, ഒരു ഓർമ്മക്കാലം. അവിടെ നിന്നും ഊറ്റിയെടുക്കാൻ അവർക്കെന്നും പാഠങ്ങൾ ഉണ്ടാകണം. ഭദ്രമായ ആ നിലത്ത് അവരുടെ തനതായ സ്വപ്‌നങ്ങളുടെ വേരുകളിറങ്ങണം. അതിലേക്കു വകയിരുത്താനുള്ള സത്ത വീട്ടിലെ പ്രായം ചെന്നവരുടെ വാത്സല്യം നിറഞ്ഞ തലോടലുകളിൽ മാത്രം തന്നെ ആവോളമുണ്ട്.
ആദ്യമായി കടൽ കണ്ടത് ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. അന്നത്തെ അന്ധാളിപ്പിൽ താളം തെറ്റിപ്പോയിരുന്നിരിക്കാവുന്ന ആ ഒരു കുഞ്ഞു ഹൃദയമിടിപ്പിനെ. ആദ്യമായി കടൽ കാണിച്ചു തന്ന എന്റെ വലിയുപ്പാക്കൊപ്പം ചിപ്പി വെട്ടിക്കളിച്ചുകൊണ്ട് കടൽത്തീരത്തിരിക്കവേ, കാതിലിരമ്പിയ കടലായിരുന്നു പക്ഷേ ഓർമ്മകളിൽ നിറഞ്ഞലച്ചത്.
അനേക വർഷങ്ങൾക്കിപ്പുറവും കിനിഞ്ഞിറങ്ങുന്ന നിനവുകളിൽ അവരെനിക്ക് തന്ന സ്‌നേഹമാണ്.. കടൽ..
അതിന്റെ അഗാധതയാണെന്നും അത്ഭുതപ്പെടുത്തിയിട്ടുള്ളത്..
ഭൂമിയിലെ ഏറ്റവും മനോഹരമായ ഇടം മനുഷ്യന്റെ മനസ്സാണെന്ന അറിവ്, കാലം നൽകിയ എല്ലാ പ്രതികൂലതകൾക്കിടയിലും ഉള്ളിൽപ്പതിഞ്ഞു കിടക്കുന്നതിന്റെ വേരുകൾ ആ കടലോരങ്ങളിൽ ചിതറിക്കിടക്കുന്നു. തങ്ങൾക്കു പിറകിൽ അവർ നിക്ഷേപിച്ചു പോകുന്ന യഥാർത്ഥ അമൂല്യതകൾ. തുടർന്നു പോകുന്ന, പോകേണ്ടുന്ന അത്തരം പകർന്നു കൊടുക്കലുകളിലാണ് കാലം പ്രതീക്ഷകളർപ്പിച്ചിരിക്കുന്നത്.
ഈ സുകൃതത്തെ അതിമനോഹരമായി അടയാളപ്പെടുത്തിയ പദ്മരാജന്റെ മൂന്നാം പക്കം എന്ന ചലച്ചിത്രത്തിലെ പ്രിയപ്പെട്ട ഒരു രംഗത്തിൽ ഈ കുറിപ്പവസാനിപ്പിക്കുകയാണ്.
നിറഞ്ഞ ചിരികൾ മായാതിരിക്കട്ടെ.
ഭാസി: പെട്ടെന്ന് അപ്പൂപ്പന്റെ ഒരു പഴേ കുസൃതി ഓർമ്മ വന്നു.
അപ്പൂപ്പൻ: ഉം?
ഭാസി: കുഞ്ഞുന്നാളിലൊരിക്കലേയ് ഓർമ്മയുണ്ടോ ഇതു പോലൊരു ഉപ്പുപരലെടുത്ത് എന്റെ നാവില് വെച്ചു തന്നിട്ട് പറഞ്ഞു, അതങ്ങനെത്തന്നെ വെച്ച് മുഴുവൻ അലിയിക്കാൻ, മുഴുവൻ അലിഞ്ഞു തീരുമ്പോ ആകാശത്ത് ശ്രീകൃഷ്ണനെ കാണാംന്ന് പറഞ്ഞാ അന്നാപ്പണി പറ്റിച്ചത്. ഞാനത് വിശ്വസിക്കേം ചെയ്തു (തനിയെ) മണ്ടൻ ഞാൻ !
അപ്പൂപ്പൻ ആ കഥയോർത്തു പൊട്ടിച്ചിരിച്ചു. കൈയുടെ ആംഗ്യത്തിലൂടെ അതു ശരിയാണെന്ന് സമ്മതിച്ചു കൊടുത്തു.
അപ്പൂപ്പൻ: ഇന്നോ? ഇന്നിപ്പോ ആരെ കാണിച്ചു തരാംന്ന് പറഞ്ഞാലൊക്കും?
ഭാസി: ഇന്നോ?ഒന്നും പറയണ്ടാ. അപ്പൂപ്പൻ പറഞ്ഞാ മതി. ദാ,
അവൻ വീണ്ടും നാവിൽ ആ ഉപ്പുപരൽ വെച്ച് നീട്ടി.
അപ്പൂപ്പന്റെ ഉള്ളു നിറഞ്ഞ ഒരു നിമിഷം. നിറഞ്ഞ ഒരു ചിരിയുമായി (നനഞ്ഞ കണ്ണുകൾ)
അദ്ദേഹം ആ ഉപ്പുപരൽ തകർത്തു കളഞ്ഞു. 'വേണ്ടാ.'
അപ്പൂപ്പൻ: എനിക്കു പലപ്പോഴും തോന്നുമായിരുന്നു മൂപ്പരെന്തിനു വേണ്ടീട്ടാ എന്റെ ജീവിതം ഇങ്ങനെ നീട്ടിക്കൊണ്ടു പോകുന്നതെന്ന്. എന്തെങ്കിലും ഒരു ഉദ്ദേശ്യം കാണുവല്ലോ.. ചുമ്മാ ഇടുകില്ലല്ലോ. എന്നാലതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും ഇത്ര നാളും പിടികിട്ടിയിരുന്നില്ല. എന്നാലീക്കഴിഞ്ഞ ഏഴെട്ടു ദിവസം, നിങ്ങളു വന്നതിന് ശേഷം ഇപ്പോ എനിക്കറിയാം; എന്നെ ഇട്ടിരുന്നത് ഈ സന്തോഷത്തിനു വേണ്ടിയായിരുന്നൂന്ന്; അതേടാ
നാം അവർക്ക് തങ്ങളുടെ കാത്തിരിപ്പിന്റെ അർത്ഥമായിരുന്നു. നമുക്കാകട്ടെ, അവസാനം വരെ നിലനിൽക്കുന്ന സ്‌നേഹത്തിന്റെ അദൃശ്യമായ തലോടലും..