വര്‍ഗീയ വിദ്വേഷത്തെ പിന്താങ്ങി വിവാദത്തിലായ ഫേസ്ബുക്ക് ഉന്നത ഉദ്യോഗസ്ഥ രാജിവച്ചു

ന്യൂദല്‍ഹി- വര്‍ഗീയ വിദ്വേഷവും കടുത്ത മുസ്‌ലിം വിരുദ്ധതയും പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാതിരിക്കാന്‍ ഇടപെട്ട് വിവാദത്തിലായ ഫേസ്ബുക്ക് ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ അംഖി ദാസ് ജോലി രാജിവെച്ചു. ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകളെ അനുകൂലിച്ച് നിലപാടെടുത്തിന് ഫേസ്ബുക്ക് ജീവനക്കാര്‍ക്കിടയില്‍ നിന്നു തന്നെ ഇവര്‍ക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ഫേസ്ബുക്കിലെ രാഷ്ട്രീയ ഉള്ളടക്കം നിയന്ത്രിക്കുന്നതുമായും ഉപയോക്താക്കളുടെ സ്വാകാര്യത സംരക്ഷിക്കുന്നതു സംബന്ധിച്ചും പാര്‍ലമെന്റ് സമിതിയുടെ ചോദ്യം ചെയ്യലിന് നേരത്തെ ഇവര്‍ ഹാജരായിരുന്നു. ഏറ്റവുമൊടുവില്‍ ദിവസങ്ങള്‍ക്കു മുമ്പാണ് പാര്‍ലമെന്റ് സമിതി അംഖി ദാസിനെ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തത്. 

ഓഗസ്റ്റില്‍ യുഎസ് പത്രങ്ങളായ വോള്‍ സ്ട്രീറ്റ് ജേണലും ടൈം മാസികയുമാണ് ഇന്ത്യയില്‍ വിദ്വേഷ പ്രചരണത്തിനു ഫെയ്‌സ്ബുക്കും വാട്‌സാപ്പും നല്‍കുന്ന പിന്തുണ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു കൊണ്ടു വന്നത്. ഈ റിപോര്‍ട്ടിലൂടെയാണ് അംഖി ദാസിന്റെ വര്‍ഗീയ വിദ്വേഷ അനൂകൂല നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടത്. തുടര്‍ന്നുണ്ടായ കോലാഹലത്തിന്റെ കേന്ദ്ര ബിന്ദു ഇവരായിരുന്നു. കേന്ദ്ര സര്‍ക്കാരിനു അനുകൂലമായ സമീപനം സ്വീകരിക്കണമെന്ന് ഇവര്‍ ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടുണ്ടായിരുന്നു. 


 

Latest News