ന്യൂദൽഹി- ഹാഥ്റസ് കൂട്ടബലാത്സംഗ കൊലക്കേസ് അലഹബാദ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും കേസിന്റെ വിചാരണ ഉത്തർപ്രദേശിൽ നിന്ന് ദൽഹിയിലേയ്ക്ക് മാറ്റണം എന്നീ ആവശ്യങ്ങളുന്നയിച്ച് യുവതിയുടെ കുടുംബമടക്കം നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസ് യുപിയിൽ നിന്ന് ദൽഹിയിലേയ്ക്ക് മാറ്റുന്ന കാര്യം സി.ബി.ഐയുടെ അന്വേഷണം പൂർത്തിയായ ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്. യുപി പോലീസ് തെളിവ് നശിപ്പിച്ചെന്ന് ആരോപിക്കുന്ന പൊതുതാൽപര്യ ഹർജി പോലീസിനെതിരെ നടപടിയും ആവശ്യപ്പെട്ടിരുന്നു.