മുംബൈ- ശിവ സേനയുടെ ഹിന്ദുത്വവാദത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് ചുട്ടമറുപടിയുമായി പാര്‍ട്ടി അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ വിജയദശമി ദിന പ്രസംഗം. ബാലസാഹബ് താക്കറെയുടെ ഹിന്ദുത്വ മണിയടിക്കലും പാത്രം കൊട്ടലുമല്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മത കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് ഉദ്ധവിന്റെ ഹിന്ദുത്വത്തെ ചോദ്യം ചെയ്ത് ഈയിടെ ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി രംഗത്തുവന്നിരുന്നു. ഇതിനുള്ള മറുപടിയാണ് ഉദ്ധവ് വിജയദശമി ദിനത്തില്‍ തന്നെ നല്‍കിയത്.
'ഞങ്ങളുടെ ഹിന്ദുത്വ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്തുകൊണ്ട്? ക്ഷേത്രങ്ങള്‍ തുറക്കാത്തതിന്റെ പേരിലാണിത്. സ്വന്തം കുടുംബത്തിന് പുറത്ത് ആരും അറിയാത്ത ചിലരാണ് ഞങ്ങളുടെ ഹിന്ദുത്വയെ ചോദ്യം ചെയ്യുന്നത്,' ഉദ്ധവ് ആഞ്ഞടിച്ചു.
ഞാന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ദിവസം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് സര്‍ക്കാരിനെ മറിച്ചിടുമെന്ന്. അവര്‍ തീയതികളും പറയുന്നുണ്ട്. ഇതിനു ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ മറിച്ചിട്ട് കാണിക്കൂവെന്ന് ഞാന്‍ വെല്ലുവിളിക്കുന്നു- ഉദ്ധവ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പങ്കും ഉദ്ധവ് ചോദ്യം ചെയ്തു. ബിഹാറില്‍ സൗജന്യ വാക്സീന് നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റിടങ്ങളെല്ലാം പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ ആണോ എന്നും ഉദ്ധവ് ചോദിച്ചു.