ഒറ്റപ്പാലം-മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളാണ് മീനാക്ഷി എന്ന അനുനയ അനൂപ്. സിനിമകള്‍ക്കൊപ്പം റിയാലിറ്റി ഷോ അവതാരകയായും തിളങ്ങുന്ന മീനാക്ഷിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. മീനാക്ഷി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിന് ഒരു ആരാധകന്‍ നല്‍കിയ കമന്റും മീനാക്ഷിയുടെ മറുപടി കമന്റുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
വരിക്കാശ്ശേരി മനയുടെ മുറ്റത്ത് ഒരു ആനയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് മീനാക്ഷി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചത്. 'പൊന്നുമോളെ ഈ വീട് കെഎം ഷാജിയുടേതാണെന്നും പറഞ്ഞുകൊണ്ട് കുറേയാളുകള്‍ വരുന്നുണ്ടല്ലോ?' എന്നായിരുന്നു ഒരാള്‍ ചിത്രത്തിനു താഴെ കമന്റിട്ടത്. 'ഞാന്‍ പോയപ്പോ വരിക്കാശ്ശേരി മനയാരുന്നു,' എന്നാണ് മീനാക്ഷി ആ കമന്റിന് മറുപടി നല്‍കിയത്.
ഷാജിയെ മനയുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി അപമാനിച്ചെന്ന രീതിയില്‍ മുസ്ലിം യൂത്ത് ലീഗിന്റെ പേജില്‍ വരിക്കാശ്ശേരി മനയുടെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഒരു പോസ്റ്റ് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരാധകന്റെ കമന്റ്. എന്തായാലും, ഉരുളയ്ക്ക് ഉപ്പേരി മറുപടി നല്‍കിയ കൊച്ചുമിടുക്കിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
അനിയന്‍ ആരിഷിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും അടുത്തിടെ മീനാക്ഷി പങ്കുവച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സഹോദരി അവനുണ്ടെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് മീനാക്ഷി കുറിക്കുന്നത്.