ന്യൂദൽഹി- ജാപ്പനീസ് ആയോധന കലയായ ഐകിഡോയിൽ തനിക്ക് ബ്ലാക്ക് ബെൽറ്റ് ഉണ്ടെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഐകിഡോ തനിക്ക് നന്നായി വഴങ്ങുമെന്നും കായിക ഇനങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം ദൽഹിയിൽ പിഎച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് നടന്ന ഒളിംപ്യനും ബോക്‌സിങ് താരവുമായ വിജേന്ദർ സിങുമായുള്ള സംഭാഷണത്തിനിടെയാണ് രാഹുലിന്റെ ഇതുവരെ പുറത്തറിയാത്ത കായികശേഷി വെളിച്ചത്തായത്. താമസിയാതെ തന്റെ കായിക പ്രകടനങ്ങൽ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുമെന്നും രാഹുൽ പറഞ്ഞു.
രാഷ്ട്രീയക്കാർ എന്തു കൊണ്ടു കായിക ഇനങ്ങളിലൊന്നും പങ്കെടുക്കുന്നില്ല എന്ന വിജേന്ദറിന്റെ ചോദ്യത്തിന് മറുപടിയായാണ് രാഹുലിന്റെ വെളിപ്പെടുത്തൽ. താൻ ഈ ഗണത്തിൽ ഉൾപ്പെടുന്ന രാഷ്ട്രീയക്കാരനല്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഞാൻ വ്യായാമം ചെയ്യാറുണ്ട്. ഓടാറും നീന്താറുമുണ്ട്. എനിക്ക് ഐകിഡോയിൽ ബ്ലാക്ക് ബെൽറ്റും ഉണ്ട്. പക്ഷെ ഇക്കാര്യം ഞാൻ പരസ്യമായി പറയാറില്ല. സ്‌പോർട്‌സ് എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഒരു ദിവസം ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഇതിതനായി ഞാൻ ചെലവിടുന്നുണ്ട്,' രാഹുൽ പറഞ്ഞു. സ്‌പോർട്‌സ് പ്രകടനങ്ങൾ പരസ്യപ്പെടുത്തണമെന്ന നിർദേശവും അദ്ദേഹം അംഗീകരിച്ചു. സോഷ്യൽ മീഡിയയിൽ ലഘു വീഡിയോകളായി പുറത്തുവിടുമെന്നും രാഹുൽ അറിയിച്ചു.
കല്യാണം എന്നു നടക്കുമെന്ന വിജേന്ദറിന്റെ ചോദ്യത്തിന് അതു നടക്കുമ്പോൾ നടക്കുമെന്നായിരുന്നു രാഹുലിന്റെ മറുപടി. വിജേന്ദറിന്റെ വിവാഹ ചടങ്ങിൽ രാഹുൽ പങ്കെടുത്തിരുന്നു. 'എനിക്കും എന്റെ ഭാര്യയ്ക്കും രാഹുൽ ഭയ്യയുടെ വിവാഹം എന്നു നടക്കുമെന്ന് അറിയാൻ ആഗ്രമുണ്ട്,' എന്നായിരുന്നു വിജേന്ദറിന്റെ ചോദ്യം. ഇത് പഴയ ചോദ്യമാണന്നു പറഞ്ഞു ആദ്യം രാഹുൽ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. 'ഞാൻ വിധിയിൽ വിശ്വസിക്കുന്ന ആളാണ്. വിവാഹം എപ്പോഴാണോ സംഭവിക്കുന്നത് അത് അപ്പോൾ നടക്കും,' രാഹുലിന്റെ മറുപടി സദസ്സ് കയ്യടികളോടെ സ്വീകരിച്ചു.