ന്യുദല്‍ഹി- യമുനാ നദീതടം നശിപ്പിച്ചതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച അഞ്ചു കോടി രൂപ പിഴ നല്‍കാന്‍ തയാറാകാത്ത ആള്‍ദൈവം ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് എന്ന സ്ഥാപനത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത പരിശീലനം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കാണ് ബെംഗളൂരുവിലെ രവിശങ്കറിന്റെ ആസ്ഥാനത്ത് ഒരാഴ്ച നീളുന്ന നിര്‍ബന്ധിത വ്യക്തിത്വവികസന കോഴ്‌സ് സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ട് ഓഫ് ലിവിങുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം. ഡിസംബറിലാണ് കോഴ്‌സ് നടക്കുന്നത്.
പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പറത്തി യമുനാ തീരത്ത് വലിയ പരിസ്ഥിതി നാശനഷ്ടങ്ങളുണ്ടാക്കുകയും ഇതിനു കോടതി വിധിച്ച പിഴ നല്‍കുക പോലും ചെയ്യാത്ത ആര്‍ട്ട് ഓഫ് ലിവിങ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിലെ അവിശുദ്ധ കൂട്ടുകെട്ടാണ് ഇതോടെ പുറത്തു വന്നിരിക്കുന്നത്.
സര്‍വീസിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനു വേണ്ടി കേന്ദ്ര ഉദ്യോഗസ്ഥകാര്യ, പരിശീലന മന്ത്രാലയം തയാറാക്കിയ സ്ഥാപനങ്ങളുടെ പട്ടികയില്‍ 2016 നവംബര്‍ മുതല്‍ ആര്‍ട്ട് ഓഫ് ലിവിങും ഉണ്ട്. ഐ എ എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി കേന്ദ്ര സര്‍ക്കാര്‍ ഓഫീസര്‍മാര്‍ക്ക് ഇതിനകം ഇവര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. പങ്കെടുത്തവരില്‍ ഏറെയും ഐ എ എസ് ഉദ്യോഗസ്ഥരായിരുന്നു.
ആദ്യമായാണ് വനം പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ പരിശീലനം നല്‍കുന്നതെന്ന് ആര്‍ട്ട് ഓഫ് ലിവിങ് നാഷണല്‍ ഡയറക്ടര്‍ പുഷ് ദാന്ത് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ നല്‍കിയ പരിശീലന കോഴ്‌സുകളുടെ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്നും ഇതു സര്‍ക്കാരുമായുള്ള സ്വകാര്യ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കി വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി നാശം വരുത്തിയതിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിയമ നടപടികള്‍ക്കു വിധേയമായ ഒരു സ്ഥാപനത്തിലേക്ക് വനം പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥരെ പരിശീലനത്തിനു വിടുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ രണ്ടു വിഷയങ്ങളും വ്യത്യസ്തമാണെന്നായിരുന്നു മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ സിദ്ധാന്ത ദാസിന്റെ മറുപടി.