ലഖ്നൗ- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താജ് മഹല്‍ സന്ദര്‍ശനത്തെ പരിഹസിച്ച് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഭഗവാന് ശ്രീരാമന്റെ അത്ഭുതമാണ് യോഗിയെ താജ് മഹലിലെത്തിച്ചതെന്നും മുഗള്‍ കാലഘട്ടത്തിലെ സ്മാരകം ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ലെന്നു പറഞ്ഞവര്‍തന്നെ അതിന്റെ കവാടം വൃത്തിയാക്കുകയാണെന്നും അഖിലേഷ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന് നടപ്പാക്കാനുള്ള സമ്മര്ദത്തെത്തുടര്ന്നായിരിക്കും ഒരു പക്ഷെ യോഗി താജ് മഹലിന്റെ കവാടത്തില്‍ ചൂലുമായി എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താജ് മഹല്‍ ഇന്ത്യന്‍ ചരിത്രത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന ബി.ജെ.പി നേതാക്കളുടെ തുടര്‍ച്ചയായ പ്രസ്താവനകള്‍ക്കിടെയായിരുന്നു യോഗിയുടെ സന്ദര്‍ശനം.
താജ്മഹലില്‍ പ്രവേശിക്കുന്നതിന് മുമ്പാണ്് യോഗി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം താജ്മഹലിന്റെ പടിഞ്ഞാറന്‍ പ്രവേശന കവാടം വൃത്തിയാക്കിയത്. താജ്മഹലിനു ചുറ്റമുള്ള നിര്‍മിതിയും പരിസ്ഥിതി പ്രശ്നങ്ങളും നേരത്തെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
താജ്മഹല്‍ വൃത്തിക്കാന്‍ വരുന്നതിന് മുമ്പ് പാര്‍ട്ടി അംഗങ്ങളുടേയും കാബിനറ്റ് അംഗങ്ങളുടേയും മനസ്സാണ് വൃത്തിയാക്കേണ്ടതെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ബി.ജെ.പിയിലേയും സംഘ് പരിവാറിലേയും നേതാക്കള്‍ താജ്മഹലിനെതിരെ പ്രസ്താവനകള്‍ നടത്തിയപ്പോള്‍ വിവാദം തണുപ്പിക്കാന്‍ മുഖ്യമന്ത്രി യോഗി രംഗത്തുവന്നിരുന്നു.