ലക്‌നൗ- താജ്മഹൽ ഇന്ത്യക്കാരുടെ ചോരയാലും വിയർപ്പും കൊണ്ട് നിർമ്മിച്ചതാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹൽ ഇന്ത്യൻ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന ബി.ജെ.പി നേതാവും എം.എൽ.എയുമായ സംഗീത് സോമിന്റെ വിവാദപ്രസ്താവനയുടെ ചൂടാറുംമുമ്പാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന. ഈ മാസം 26-ന് യോഗി ആദിത്യനാഥ് താജ്മഹൽ സന്ദർശിക്കും. താജ്മഹലിനൊപ്പം ആഗ്ര കോട്ടയും യോഗി സന്ദർശിക്കും. ആഗ്രയിലെ വിനോദ സഞ്ചാര പദ്ധതികൾ അവലോകനം ചെയ്യുന്നതിനാണ് യോഗി ഇവിടെയെത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. താജ്മഹൽ ഇന്ത്യൻ സംസ്‌കാരത്തിന് യോജിക്കുന്നതല്ലെന്ന് യോഗി ആദിത്യനാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ സംസ്‌കാരത്തിനാകമാനം അപമാനമാണ് താജ്മഹൽ എന്ന വിവാദ പ്രസ്താവനയുമായി സംഗീത് സോം രംഗത്തെത്തിയത്.
യു.പിയിലെ വിനോദസഞ്ചാര പട്ടികയിൽനിന്ന് താജ്മഹൽ പുറത്തായതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് താജ് വിരുദ്ധ പ്രസ്താവനയുമായി സംഗീത് സോം രംഗത്തെത്തിയത്. എന്ത് ചരിത്രത്തെ പറ്റിയാണ് നാം പറയുന്നത്. അച്ഛനെ തടവിലാക്കിയയാളാണ് താജ്മഹൽ നിർമ്മിച്ചത്. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തയാളാണ് താജ് നിർമ്മിച്ചത്. ഇതാണ് ചരിത്രം. ഇത് ദൗർഭാഗ്യകരമാണ്. നാം ചരിത്രം തിരുത്തും. ഞാനുറപ്പ് നൽകുന്നു. എന്നായിരുന്നു സംഗീത് സോമിന്റെ പ്രസ്താവന.