പയ്യന്നൂര്‍-മലയാള സിനിമയുടെ മുത്തഛന്‍ എന്ന് അറിയപ്പെടുന്ന പ്രിയപ്പെട്ട പി. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഇന്ന് 98 പിറന്നാള്‍. ഈ പ്രായത്തിലും തന്റെ ജീവിതചര്യകള്‍ക്ക് ഒരു മുടക്കവും വരുത്താതെയാണ് അദ്ദേഹത്തിന്റെ ദിനങ്ങള്‍.
പയ്യന്നൂര്‍ കോറോം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇപ്പോള്‍ തറവാട്ടു വീട്ടില്‍ നിന്ന് പുറത്തിറങ്ങാറേയില്ല. ഇളയമകന്‍ പി.വി. കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് സാക്ഷിയാവാന്‍ ഫെബ്രുവരിയില്‍ എറണാകുളത്ത് പോയിരുന്നു.
ഇത്തവണ പിറന്നാളിന് ആഘോഷങ്ങളില്ല. പേരക്കുട്ടി നിഹാരയുടെയും പിറന്നാളാണ് ശനിയാഴ്ച. മകള്‍ ദേവകിയും ഭര്‍ത്താവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മകന്‍ ഭവദാസനും ഭാര്യ ഇന്ദിരയും മകള്‍ യമുനയും ഭര്‍ത്താവ് പുരുഷോത്തമനും ഇളയമകന്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനും ഭാര്യ നിതയും പേരക്കുട്ടികളും ഈ വര്‍ഷം പിറന്നാളിന് തറവാട്ടിലുണ്ടാവും.
ജയരാജിന്റെ ദേശാടനത്തില്‍ അഭിനയിക്കുമ്പോള്‍ 76 വയസ്സായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക്. അവിചാരിതമായാണ് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനായി. കമല്‍ ഹാസനൊപ്പം 'പമ്മല്‍കെ സമ്മന്തം', രജനികാന്തിനൊപ്പം 'ചന്ദ്രമുഖി', ഐശ്വര്യ റായിയുടെ മുത്തച്ഛന്‍ വേഷത്തില്‍ 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍', മലയാള സിനിമകളായ 'രാപ്പകല്‍', 'കല്യാണരാമന്‍', 'ഒരാള്‍ മാത്രം' തുടങ്ങിയവയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭര്‍ത്താവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത 'മഴവില്ലിന്നറ്റം വരെ'യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.