പട്‌ന- ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് നവംബര്‍ ഒമ്പതിന് ജയില്‍ മോചിതനാകുമെന്നും തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി നിതീഷ് കുമാറിന് വിടവാങ്ങേണ്ടി വരുമെന്നും ആര്‍ജെഡി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ആര്‍ജെഡി നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനായിരിക്കുമെന്നും ലാലുവിന്റെ മകന്‍ കൂടിയായ തേജസ്വി പറഞ്ഞു. വെള്ളിയാഴ്ച ഹിസുവയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഉണ്ടായിരുന്നു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ലാലു. ഈ കേസുകളിലൊന്നില്‍ ലാലുവിന് ഈയിടെ ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മറ്റൊരു കേസിലെ ജാമ്യാപേക്ഷ കോടതി പരിഗണനയിലിരിക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല.
ഈ കേസിലും ജാമ്യം ലഭിക്കുമെന്നും നവംബര്‍ ഒമ്പതിന് ലാലുജി പുറത്തിറങ്ങുമെന്നും തേജസ്വി പറഞ്ഞു. അന്ന് തന്റെ ജന്മദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് ഘട്ട തെരഞ്ഞെടുപ്പിന്റെ ആദ്യ വോട്ടെടുപ്പ് ഈ മാസം 28നാണ്. നവംബര്‍ മൂന്നിനും ഏഴിനുമാണ് രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പുകള്‍. നവംബര്‍ 10നാണ് ഫലപ്രഖ്യാപനം.