ഹൈദരാബാദ്-തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് നാല്‍പത്തിയൊന്നാം പിറന്നാള്‍. വെങ്കട് സൂര്യനാരായണ പ്രഭാസ് രാജു എന്ന ഇദ്ദേഹം പ്രഭാസ് എന്ന പേരില്‍ ആണ് സിനിമാലോകത്ത് അറിയപ്പെടുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് തെലുങ്ക് സിനിമ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ഒത്ത ഉയരവും, മനോഹരമായ ആകാരവും തെലുഗു നായക ലോകത്ത് തന്റെ സ്ഥാനമുറപ്പിക്കാന്‍ പ്രഭാസിനെ സഹായിച്ചു എന്ന് എടുത്തു പറയേണ്ട ഒന്നാണ്.
എസ് എസ് രാജമൗലി ഒരുക്കിയ ചത്രപതി, നിര്‍ത്തി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രഭാസിനെ താരസിംഹാസനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഇതിനെല്ലാം മേലെ പ്രഭാസ് എന്ന താരത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് 2015ല്‍ ബ്രഹ്മാണ്ട സംവിധായകന്‍ എസ് രാജമൗലി ഒരുക്കിയ ബാഹുബലി എന്ന ചിത്രം.
ബാഹുബലിയിലെ കഥാപാത്രം പ്രഭാസ് അവതരിപ്പിച്ചതില്‍ പിന്നെ തെലുങ്ക് സിനിമ മാര്‍ക്കറ്റിലും തെന്നിന്ത്യന്‍ സിനിമ മാര്‍ക്കറ്റിലും പ്രഭാസ് എന്ന താരത്തിന്റെ മൂല്യം കുത്തനെ ഉയര്‍ന്നു. ബാഹുബലി 2500 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയതില്‍ ഏറ്റവും ഗുണം ചെയ്തത് പ്രഭാസിനു തന്നെയാണ്. രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമ ബ്രഹ്മാണ്ഡ ചിത്രം രാധേ ശ്യാം ആണ് പ്രഭാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.