Sorry, you need to enable JavaScript to visit this website.

'ഐറ്റം' പരാമര്‍ശത്തില്‍ കമല്‍നാഥിനോട് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം തേടി

ഭോപാല്‍- നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ പ്രചരണ റാലിക്കിടെ ബിജെപിയുടെ വനിതാ സ്ഥാനാര്‍ത്ഥിയെ 'ഐറ്റം' എന്നു വിശേഷിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനോട് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം തേടി. 48 മണിക്കൂറിനകം മറുപടി നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച കമല്‍നാഥ് മാപ്പു പറയാന്‍ തയാറായിരുന്നില്ല. നോട്ടീസിനു മറുപടി നല്‍കിയില്ലെങ്കില്‍ വീണ്ടുമൊരു മുന്നറിയിപ്പില്ലാതെ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. 

കമല്‍നാഥിന്റെ വിവാദ പരാമര്‍ശത്തെ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞിരുന്നു. 'ഐറ്റം' പരാമര്‍ശനം നടത്താനുണ്ടായ സാഹചര്യം താന്‍ നേരത്തെ വിശദീകരിച്ചതാണെന്നും ആരേയും അവഹേളിക്കാന്‍ ഉദ്ദേച്ചിട്ടില്ലെന്നിരിക്കെ എന്തിനു മാപ്പുപറയണമെന്നുമാണ് കമല്‍നാഥിന്റെ വാദം. ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു ചേക്കേറിയ വനിതാ നേതാവ് ഇമര്‍തി ദേവിക്കെതിരെയാണ് കമല്‍നാഥ് വിവാദ പരാമര്‍ശം നടത്തിയത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ട 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളാണ് ഇമര്‍തി ദേവി.
 

Latest News