തിരുവനന്തപുരം-പതിനാലാം വയസില്‍ അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് തുറന്നു പറഞ്ഞ് യുവനടിയും നിയമ വിദ്യാര്‍ത്ഥിനിയുമായ സോന എം. എബ്രഹാം രംഗത്തെത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് വീഡിയോ നീക്കം ചെയ്തു എന്ന പോലീസിന്റെ വാദത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സോന. 2014ല്‍ തന്നെ ദൃശ്യങ്ങള്‍ നീക്കം ചെയ്തു എന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ ഇത് വാസ്തവമല്ല. ദൃശ്യങ്ങള്‍ നീക്കം ചെയ്തതായി പോലീസിന് രേഖാമൂലം എഴുതി നല്‍കുകയോ മൊഴി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് സോന പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അന്നത്തെ എഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ എന്തോ മുന്‍വിധിയോടെയാണ് പോലീസ് പെരുമാറിയത്.
തുടര്‍ന്ന് രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി. ആ പരാതി പിന്നീട് സൈബര്‍ സെല്ലിന് കൈമാറി. എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സിനിമയുടെ സംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്നിവര്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ തയ്യാറാക്കിയതെന്ന് സോന പറയുന്നു. ഈ രംഗങ്ങള്‍ സൈറ്റുകളിലോ യൂട്യൂബിലോ കാണാനില്ലെന്നായിരുന്നു അന്ന് പൊലീസുകാരുടെ പ്രതികരണം. പക്ഷേ, അപ്പോഴും സിനിമയിലെ രംഗങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോകള്‍ അപ്‌ലോഡ് ചെയ്തത് പാക്കിസ്ഥാനിലെ ഐപി അഡ്രസില്‍ നിന്നാണെന്ന് മാത്രം പോലീസുകാര്‍ പറഞ്ഞിരുന്നു. പിന്നീട് കേസില്‍ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. അതിനാലാണ് രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫെയ്‌സ്ബുക്ക് ലൈവ് ശ്രദ്ധയില്‍ പെട്ട പോലീസ് ഹൈടെക് സെല്ലില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നതായും രേഖകള്‍ ആവശ്യപ്പെട്ടതായും സോന പറഞ്ഞു.