Sorry, you need to enable JavaScript to visit this website.

തകർച്ചയിൽനിന്ന് കുരുമുളക്  ഉയിർത്തെഴുന്നേൽപ്പിലേക്ക്

ഉത്തരേന്ത്യയിലേക്കുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ നീക്കം ശക്തിയാർജിച്ചു. നവരാത്രി മഹാനവമി വേളയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ട് സുഗന്ധവ്യഞ്ജനങ്ങൾ ശേഖരിക്കുന്ന തിരക്കിലാണ് വടക്കേ ഇന്ത്യൻ വ്യാപാര സമൂഹം. ഇക്കുറിയും പതിവ് പോലെ കറുത്ത പൊന്നിൽ അവർ പിടിമുറുക്കിയതോടെ മൂന്നാഴ്ചയായി നിലനിന്ന വില തകർച്ചയിൽ നിന്ന് കുരുമുളക് ഉയിർത്തെഴുന്നേൽപ്പ് കാഴ്ചവെച്ചു. വാരത്തിന്റെ രണ്ടാം പകുതിയിൽ മുളക് വില ഉയർന്നത് കണ്ട് ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ ചരക്ക് വിൽപ്പനയ്ക്ക് ഇറക്കി. ഇടുക്കി, വയനാട്, പത്തനംത്തിട്ട, കൊല്ലം ഭാഗങ്ങളിൽ നിന്നും അന്തർസംസ്ഥാന ഇടപാടുകാർ ചരക്ക് സംഭരിച്ചു. വാരാന്ത്യം അൺ ഗാർബിൾഡ് കുരുമുളക് വില 32,200 രൂപയായി ഉയർന്നു. കുരുമുളക് ഇറക്കുമതി ലോബിയും ആഭ്യന്തര വില ഉയർത്തിയതിന് പിന്നിൽ പ്രവർത്തിച്ചു. വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് എത്തിച്ച ചരക്ക് വൻ ലാഭത്തിൽ വിറ്റഴിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് ഉത്സവ ദിനങ്ങളിൽ വ്യവസായികൾ. ആഗോള വിപണിയിൽ മലബാർ കുരുമുളക് വില ടണ്ണിന് 5000 ഡോളറാണ്. വിയറ്റ്‌നാമും, ഇന്തോനേഷ്യയും ടണ്ണിന് 2700 ഡോളറിനും ബ്രസീൽ ടണ്ണിന് 2500 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ശ്രീലങ്ക കയറ്റുമതിക്കാർ 3500 ഡോളറിനും കുരുമുളക് കയറ്റുമതി നടത്താൻ താൽപര്യം കാണിച്ചു.   
ലേല കേന്ദ്രങ്ങളിൽ ഏലക്കയുടെ ലഭ്യത ഉയർന്നത് കണ്ട് വാങ്ങലുകാർ നിരക്ക് ഉയർത്താതെ ചരക്ക് സംഭരിച്ചു. വിളവെടുപ്പ് നടക്കുന്നതിനാൽ കാർഷിക ചെലവുകൾ കണക്കിലെടുത്ത് പുതിയ ചരക്ക് വിറ്റുമാറാൻ പലതും തിടുക്കം കാണിച്ചു. ഉത്തരേന്ത്യൻ ഡിമാന്റ് തുടരുന്നതിനാൽ മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവുമെന്ന വിശ്വാസത്തിലാണ് കാർഷിക മേഖലയെങ്കിലും വിപണി വില കർഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് മുന്നേറുന്നില്ല. പിന്നിട്ട വാരം ഏലക്ക കിലോ 1658-2406 റേഞ്ചിൽ നീങ്ങി. കയറ്റുമതിക്ക് അനുയോജ്യമായ വലിപ്പം കൂടിയ ഇനങ്ങൾക്കും പല അവസരത്തിലും മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനായില്ല.   
ചുക്ക് വിലയിൽ മാറ്റമില്ലെങ്കിലും ഉത്തരേന്ത്യയിൽ നിന്നുള്ള അന്വേഷണങ്ങളുടെ ചലനം കണക്കിലെടുത്താൽ വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. കൊച്ചിയിൽ ചുക്ക് വരവ് കുറവാണ്. ആഭ്യന്തര വാങ്ങലുകാർ രംഗത്തുണ്ടെങ്കിലും വില ഉയർത്താൻ അവർ തയാറായില്ല. കൊച്ചിയിൽ ചുക്ക് വില ക്വിൻറ്റലിന് 28,500-30,000 രൂപ. 
നാളികേരോൽപ്പന്നങ്ങൾക്ക് വിലക്കയറ്റം. നവരാത്രി ഡിമാന്റിൽ മില്ലുകാർ പ്രതീക്ഷ നിലനിർത്തി എണ്ണ വില ഉയർത്താനുള്ള ശ്രമത്തിലാണ്. എന്നാൽ ഉയർന്ന വിലയ്ക്ക് കൊപ്ര ശേഖരിക്കാൻ പല മില്ലുകാരും തയാറായില്ല. കൊച്ചിയിൽ കൊപ്ര 11,410 രൂപയിലും വെളിച്ചെണ്ണ 17,000 രൂപയിലുമാണ്. റബർ വില അടിവെച്ച് ഉയരുന്നതിനാൽ കൈവശമുള്ള ഷീറ്റും ലാറ്റക്‌സും കരുതലോടെയാണ് ചെറുകിട കർഷകർ വിൽപ്പനയ്ക്ക് ഇറക്കുന്നത്. മുഖ്യ വിപണികളിൽ ലഭ്യത കുറഞ്ഞത് ടയർ ലോബിയെ അസ്വസ്തരാക്കിയതോടെ അവർ വില ഉയർത്തി. മഴ മൂലം പല ഭാഗങ്ങളിലും ടാപ്പിംഗിന് നേരിട്ട തടസ്സവും ലഭ്യത കുറച്ചു. ടയർ കമ്പനികൾ നാലാം ഗ്രേഡ് റബർ 13,300 രൂപയിൽ നിന്ന് 13,900 വരെ ഉയർത്തിയെങ്കിലും വ്യാപാരാന്ത്യം 13,800 ലാണ്. 
ആഭരണ വിപണികളിൽ പവൻ 37,800 രൂപയിൽ നിന്ന് 37,440 രൂപയായി, ഗ്രാമിന് വില 4680 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1929 ഡോളറിൽ നിന്ന് 1898 ലേയ്ക്ക് താഴ്ന്നു.   

Latest News