ദുബായി-ഏഴ് വര്‍ഷം മുമ്പ് സിനിമാ സെറ്റിനിടെ ഉണ്ടായ വഴക്കിന് സലിംകുമാറിനോട് മാപ്പു പറഞ്ഞു നടി ജ്യോതികൃഷ്ണ. എല്ലാവരുടെയും ജീവിതത്തില്‍ തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. സോറി പറയാതെ ഈഗോ വച്ച് അതില്‍ നിന്നും മുന്നോട്ടുപോകാറുണ്ട്.ഇത്തരം അവസരങ്ങളില്‍ സോറി പറഞ്ഞു വഴക്ക് അവസാനിപ്പിക്കുന്നതാണ് ഏറ്റവും നല്ലതെന്നു നടി പറയുന്നു. കാരണം പിന്നീട് കുറേ കാലങ്ങള്‍ കഴിഞ്ഞാകും ആ ചെയ്തത് ശരിയായില്ല എന്ന തോന്നല്‍ ഉണ്ടാകുക.
'നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാര്‍ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്. 2013ല്‍ മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വച്ച് ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്. ചെറിയൊരു കാര്യത്തില്‍ തുടങ്ങിയതാണ്. നല്ലരീതിയിലുള്ള വഴക്കായി മാറി.'
'വഴക്കുണ്ടായ ശേഷം ഞങ്ങള്‍ പരസ്പരം മിണ്ടിയിട്ടില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല. അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഞാന്‍ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോള്‍ എനിക്കു സ്വയം പുച്ഛം തോന്നുന്നു. എന്നാല്‍ പിന്നീട് സലീമേട്ടന്‍ വളിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്‍ പറ്റിയിരുന്നില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ ക്ഷമ ചോദിക്കുന്നു.' ജ്യോതികൃഷ്ണ പറയുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നു മാറി നിന്ന ജ്യോതി ഇപ്പോള്‍ ദുബായില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.