കമല്‍നാഥും നാവ്പിഴവില്‍ കുടുങ്ങി; കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്  ചേക്കേറിയ സ്ഥാനാര്‍ഥി 'എന്തൊരു ഐറ്റമാണത്' പോലും

ഭോപാല്‍-മധ്യപ്രദേശില്‍ 28 സീറ്റുകളിലേക്കു നവംബര്‍ മൂന്നിന് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി കമല്‍നാഥിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന. ദാബ്രയില്‍ നടന്ന യോഗത്തിലാണ് കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയ ബിജെപി വനിതാ സ്ഥാനാര്‍ത്ഥി ഇമാര്‍തി ദേവിക്കെതിരെയാണ് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിരിക്കുന്നത്.
'നമ്മുടെ സ്ഥാനാര്‍ത്ഥി അവളെ പോലെയല്ല, എന്താണവളുടെ പേര്? (ഇമാര്‍തി ദേവി എന്ന് ആള്‍ക്കൂട്ടം പറയുന്നു) നിങ്ങള്‍ക്ക് അവളെ നന്നായറിയാം. നിങ്ങള്‍ മുന്നറിയിപ്പ് തന്നതുമാണ്. എന്തൊരു ഐറ്റമാണ്.' ദരിദ്രനായ കര്‍ഷകന്റെ മകളായി ജനിച്ച ഇമാര്‍തി ദേവി ഒരു ഗ്രാമീണ തൊഴിലാളിയില്‍ നിന്നാണ് പൊതു പ്രവര്‍ത്തന രംഗത്തേക്ക് എത്തിയതെന്ന് കമല്‍നാഥിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്തു. ഒരു സ്ത്രീക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്ന കോണ്‍ഗ്രസിന്റേത് ജന്മിത്വ മനോഭാവമാണെന്നും ചൗഹാന്‍ പറഞ്ഞു. തിങ്കളാഴ്ച 10 മുതല്‍ 12 മണിവരെ മൗനമാചരിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒരു ദരിദ്ര കുടുംബത്തില്‍ പിറന്നതാണോ താന്‍ ചെയ്ത കുറ്റം. ദളിതയായതാണോ കുറ്റം. ഇത്തരത്തിലുള്ള ആളുകളെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കരുതെന്ന് ഒരു അമ്മകൂടിയായ സോണിയ ഗാന്ധിയോട് താന്‍ ആവശ്യപ്പെടും.' ഇത്തരം പരാമര്‍ശം മുതിര്‍ന്ന നേതാക്കള്‍ നടത്തുമ്പോള്‍ എങ്ങനെ മുന്നോട്ടുപോകാന്‍ കഴിയുമെന്നും ഇമാര്‍തി ദേവി ചോദിച്ചു.കമല്‍നാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. നവംബര്‍ പത്തിനാണ് ഉപതെരഞ്ഞെടുപ്പ് ഫലം വരിക.
 

Latest News