Sorry, you need to enable JavaScript to visit this website.

ക്യാന്‍സറില്‍ നിന്നും മോചിതനായി അധീരയാകാന്‍ ഒരുങ്ങി സഞ്ജയ് ദത്ത്

മുംബൈ-ശ്വാസകോശത്തില്‍ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ബോളിവുഡ് താരം സഞ്ജയ് ദത്ത് രോഗവിമുക്തനായി സിനിമാലോകത്തേക്ക് മടങ്ങിയെത്തി. മെഗാഹിറ്റ് ചിത്രം കെ ജി എഫിന്റെ രണ്ടാം ഭാഗമായ കെ ജി എഫ് ടു വില്‍ ആണ് അദ്ദേഹം ഇപ്പോള്‍ ജോയിന്‍ ചെയ്തിരിക്കുന്നത്. താരം തന്നെയാണ് തന്റെ മടങ്ങി വരവിനെക്കുറിചുള്ള വാര്‍ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ ലോകത്തോട് പങ്കുവച്ചത്. ഓഗസ്റ്റ് മാസത്തിലാണ് അദ്ദേഹം തനിക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായും ചികിത്സയ്ക്കായി പോകുന്നുവെന്നും സിനിമാ ലോകത്തു നിന്നും താല്‍ക്കാലിക ഇടവേള എടുക്കുന്നുവെന്നും അറിയിച്ചിരുന്നത്. വിദേശത്തും മുംബൈയിലുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ നടന്നത്.
ചികിത്സയുടെ ഭാഗമായി ജോലിയില്‍ നിന്നും ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍. കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്. അനാവശ്യ ഊഹാപോഹങ്ങള്‍ കാരണം എന്നെ പിന്തുണക്കുന്നവരാരും പരിഭ്രമിക്കുകയും വേണ്ട. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എപ്പോഴും ഉണ്ടാകണം. ഞാന്‍ ഉടന്‍ തന്നെ തിരിച്ചുവരുമെന്നായിരുന്നു ഓഗസ്റ്റ് 11ന് ട്വിറ്ററില്‍ അറിയിച്ചിരുന്നത്.
വിവിധ ഭാഷകളിലായി 150ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് സഞ്ജയ് ദത്ത്. അദ്ദേഹത്തിന്റെ കെജിഎഫ് 2ലെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ ആരാധകര്‍ ആവേശത്തിലായിരുന്നു. അതിനിടെയാണ് അദ്ദേഹം സിനിമാലോകത്തു നിന്നും താല്‍ക്കാലിക ഇടവേള എടുത്തത്. ഇപ്പോഴിതാ അദ്ദേഹം മടങ്ങിയെത്തുന്നതറിഞ്ഞതോടെ ആവേശത്തിലാണ് ആരാധകര്‍. അദ്ദേഹത്തിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ആശംസകളുമായി എത്തിയിട്ടുമുണ്ട് നിരവധി ആരാധകര്‍.യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിദ്യ ചോപ്ര, കരണ്‍ മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന 'ഷംഷേര', ടി സീരീസിന്റെ ബാനറില്‍ അഭിഷേക് ധുധയ്യയും ഭൂഷന്‍ കുമാറും ചേര്‍ന്ന് ഒരുക്കുന്ന അജയ് ദേവ്!ഗണ്‍ ചിത്രം 'ഭുജ്ദി െ്രെപഡ് ഓഫ് ഇന്ത്യ', നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിക്കുന്ന ഗിരീഷ് മാലിക് സംവിധാനം ചെയ്യുന്ന ചിത്രം 'ടോര്‍ബാസ് തുടങ്ങി നിരവധി സിനിമകളാണ് സഞ്ജയ് ദത്ത് അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.
 

Latest News